ലയണ്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 31ന് കട്ടപ്പനയില്‍ നടക്കും

ലഹരി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കട്ടപ്പന ലയണ്‍സ് ക്ലബ്ബും ലിയോ ക്ലബ്ബും ചേര്‍ന്ന് 31ന് രാവിലെ 8 മുതല്‍ കട്ടപ്പന എടിഎസ് അരീനയില്‍ ലയണ്‍സ് ലീഗ് എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി 16 ടീമുകള്‍ മത്സരിക്കും.
വൈകിട്ട് 7ന് സമാപന സമ്മേളനം കട്ടപ്പന എഎസ്പി രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് യഥാക്രമം 15000, 7500 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി എസ് ജയേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് യുവാക്കള്‍ക്കിടയിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനും ബോധവല്‍ക്കരണവുമാണ് പരിപാടിയുടെ ഉദ്ദേശമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സെന്‍സ് കുര്യന്‍, ജെബിന്‍ ജോസ്, കെ ശശിധരന്‍, അലന്‍ വിന്‍സന്റ്, ശ്രീജിത്ത് ഉണ്ണിത്താന്‍, ജോര്‍ജ് തോമസ്, എം എം ജോസഫ്, അമല്‍ മാത്യു, ഷാജി ജോസഫ്, കെ സി ജോസ്, ഷോണ്‍ റെജി, ദുവ സെന്‍സ്, വേദ ശ്രീജിത്ത്, ബിബിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.