20 വർഷമായി സമാധാനത്തിൻ്റെ സന്ദേശവുമായി ഉപ്പുതറ ടൗണിൽ സനീഷുണ്ട്
കഴിഞ്ഞ 20 വർഷമായി ഉപ്പുതറയിൽ ക്രിസ്തുമസ് സന്ദേശവുമായി സാന്തോക്ലോസിൻ്റെ വേഷത്തിൽ സനീഷ് എത്തും.ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലായിടത്തും കയറിയിറങ്ങി ഹാപ്പി ക്രിസ്തുമസ് നേരും. പിന്നെ രാത്രി എട്ടുവരെ സെൻട്രൽ ജംങ്ഷനിൽ ഉണ്ടാകും. വാഹനങ്ങളിൽ ഉൾപ്പെടെ ടൗണിൽ എത്തുന്നവർക്കെല്ലാം ക്രിസ്തുമസ് ആശംസകൾ നേരും.
അതിനിടെ പ്രായഭേദമന്യേ പലരും ഹസ്തദാനം ചെയ്ത് ക്രിസ്തുമസ് പാപ്പായ്ക്കും ആശംസ നൽകുന്നുണ്ട്. കുട്ടികൾ പാപ്പായോടൊപ്പം നിന്ന് സെൽഫിയെടുക്കും. വൈകിട്ട് ഒരിക്കൽ കൂടി കടകളിലെല്ലാം കയറി ക്രിസ്തുമസ് ആശംസ അർപ്പിച്ചാകും സനീഷിൻ്റെ മടക്കം. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവാണ് ഉപ്പുതറ പുത്തൻപുരയ്ക്കൽ പി.ആർ. സനീഷ് .തുടർന്നുള്ള വർഷങ്ങളിലും സമാധാനത്തിൻ്റെ സന്ദേശവും ആശംസയും നേരാൻ ക്രിസ്തുമസ് പാപ്പായായി സനീഷ് ടൗണിൽ ഉണ്ടാകും.