സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ലോഗോ തയ്യാറാക്കി യൂത്ത് കോൺഗ്രസ്

കട്ടപ്പനയിൽ നിക്ഷേപകനായ സാബുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തോടുള്ള യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമായിട്ടാണ് ലോഗോ തയ്യാറാക്കിയത്.വ്യാപാരി സാബുവിന്റെ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിലാണ് ലോഗോ നിർമ്മിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് പറ്റിയ ഏറ്റവും അനുയോജ്യമായ ലോഗോ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സജസ്റ്റ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ലോഗോ സിപിഐഎം ജില്ലാ കമ്മിറ്റിക്ക് മെയിൽ ചെയ്തിരിക്കുന്നത്.
വ്യാപാരി സാബുവിന്റെ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിലാണ് ലോഗോ നിർമ്മിച്ചിരിക്കുന്നത്. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള പ്രതിഷേധം ആയിട്ടാണ് ലോഗോ അയച്ചത് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ പറഞ്ഞു.സാബുവിന്റെ ആത്മഹത്യക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പോലീസ് നടപടികൾ ഉണ്ടായിട്ടില്ല. മൂന്ന് ബാങ്ക് ജീവനക്കാർക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിട്ടും സി പി എം നേതാവിനെതിരെ പോലീസിന് ചെറുവിരൽ ഉയർത്താൻ കഴിഞ്ഞിട്ടില്ല.
ഇതോടൊപ്പം സിപിഎം ഉന്നത നേതൃത്വവും വിഷയത്തിൽ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി 4, 5,6 തീയതികളിൽ തൊടുപുഴയിൽ വച്ച് നടക്കുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ലോഗോ അയച്ചു നൽകിയത്. സമ്മേളനത്തിന് മുന്നോടിയായി ലോഗോ ക്ഷണിക്കുന്നു എന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിപ്പുണ്ടായിരുന്നു .