ഇടുക്കിയിൽ റവന്യൂ പുറംമ്പോക്ക് ഭൂമിയിൽ വ്യാപക കൈയേറ്റം

ശാന്തൻപാറ പുത്തടിയിലാണ് ടൂറിസം പദ്ധതിക്കായി മാറ്റിയിട്ട രണ്ട് ഏക്കറിൽ അധികം ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയത്. ശാന്തൻപാറ മേഖലയിലെ ടൂറിസം സാധ്യതകൾ ലക്ഷ്യം വച്ചാണ് കൈയേറ്റം നടന്നത്. പാറപുറംമ്പോക്കിൽ ഉൾപ്പെടുന്ന പ്രദേശത്ത് പല ഭാഗങ്ങളിൽ വേലി കല്ലുകൾ സ്ഥാപിച്ചിരുന്നു. കൈയെറിയ ഭൂമിയിൽ ഏലം, ഇഞ്ചി തുടങ്ങിയ കൃഷികളും ഇറക്കി.
നടപടി സ്വീകരിയ്ക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റക്കാരൻ ഭീഷണിയും മുഴക്കി. ശാന്തൻപാറ വില്ലേജിൽ സർവ്വേ നമ്പർ 147/1 ഇൽ പെട്ട ഭൂമിയാണ് കൈയേറിയത്. ഡി ടി പി സി യുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതി നടപ്പിലാക്കാനായി കണ്ടെത്തിയ പ്രദേശം ആണിത്.
ഏതാനും നാളുകൾക്കു മുൻപ് ജില്ലാ കളക്ടർ ഇവിടെ സന്ദർശനം നടത്തുകയും ടൂറിസം പദ്ധതിയ്ക്ക് അനുയോജ്യമെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. കളക്ടറുടെ സന്ദർശനത്തിന് ശേഷമാണ് കൈയേറ്റം നടന്നത്. താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ ഭൂമി അളന്നു തിരിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിയ്ക്കും. എന്നാൽ ഭൂമി വർഷങ്ങളായി തങ്ങളുടെ കൈവശം ഇരിയ്ക്കുന്നതാണെന്നാണ് കൈയേറ്റകാരുടെ അവകാശ വാദം.