കട്ടപ്പന നഗരത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായതോടെ നഗരസഭക്കെതിരെ പ്രതിഷേധം ശക്തം

കട്ടപ്പന നഗരത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായതോടെ നഗരസഭക്കെതിരെ പ്രതിഷേധം ശക്തം. നഗരപാതകള്‍ ഭൂരിഭാഗവും സഞ്ചാരയോഗ്യമല്ലാതായി. വ്യാപാരികളും യുവജന സംഘടനകളും ഉള്‍പ്പെടെ സമരരംഗത്തേയ്ക്ക് കടക്കുകയാണ്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള രണ്ട് പാതകളിലും ഗര്‍ത്തങ്ങള്‍ നിരവധിയാണ്. ഇടശേരി ജങ്ഷനില്‍നിന്ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേരുന്ന ഭാഗത്ത് ഭീമന്‍ ഗര്‍ത്തമാണ്.
അപ്രോച്ച് റോഡുകളില്‍നിന്ന് മഴവെള്ളം കുത്തിയൊലിച്ച് ഇവിടെയെത്തി വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഓടയില്ലാത്തതിനാല്‍ ഒരടിയോളം ഉയരത്തിലാണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. കൂടാതെ, ഇടശേരി ജങ്ഷനില്‍ ടാറിങ് തകര്‍ന്ന് വലിയ കുഴിയാണ് രൂപപ്പെട്ടു. നെടുങ്കണ്ടം, കുമളി മേഖലകളില്‍നിന്നുള്ള ബസുകള്‍ കുഴി കടന്നുവേണം സ്റ്റാന്‍ഡിലേക്ക് പോകാന്‍. നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടു.
നഗര ഓഫീസ് ജങ്ഷനില്‍നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ രണ്ടടിയോളം താഴ്ചയുള്ള ഭീമന്‍ കുഴിയാണുള്ളത്. മഴ പെയ്യുമ്പോള്‍ ഗതാഗതം തടസപ്പെടുംവിധം ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതയില്‍പോലും യാത്രാക്ലേശം രൂക്ഷമായിക്കഴിഞ്ഞു.പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് കോ- ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കോളേജിന്റെ മുമ്പിലൂടെയുള്ള പോക്കറ്റ് റോഡും തകര്‍ന്നനിലയിലാണ്.
കൂടാതെ, പാറക്കടവിനുസമീപം ജ്യോതിസ് ജങ്ഷന്‍- സ്‌കൂള്‍ക്കവല ബൈപാസ് റോഡില്‍നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള പോക്കറ്റ് റോഡ് പൂര്‍ണമായി തകര്‍ന്നു. നഗരത്തില്‍ തിരക്കേറുന്ന സമയങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുസമീപം സംസ്ഥാന പാതയില്‍നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കും ബൈപാസ് റോഡിലേക്കും എത്തിച്ചേരുന്ന റോഡും ഭാഗികമായി തകര്‍ന്നനിലയിലാണ്.
പഴയ ബസ് സ്റ്റാന്‍ഡിലും കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കുഴികളാണ്. എസ്ബിഐ ജങ്ഷന്‍നിന്ന് ഇടുക്കിക്കവല ബൈപാസിലേക്കുള്ള പോക്കറ്റ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. രണ്ട് ഭീമന്‍ ഗര്‍ത്തങ്ങളാണ് പാതയിലുള്ളത്. മഹാപ്രളയത്തില്‍ തകര്‍ന്ന അമര്‍ജവാന്‍ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.