വന നിയമ ഭേദഗതി വിജ്ഞാപനം കരിനിയമം കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ

1961 ലെ വനനിയമം ഭേദഗതി ചെയ്ത് ഇറക്കിയിരിക്കുന്ന വിജ്ഞാപനം അടിയന്തിരാവസ്ഥക്കാലത്തെ കരിനിയമത്തിന് തുല്യമെന്ന് കാഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ. പോലീസ് ഓഫീസർമാർക്ക് പോലും വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ കർശനമായ വ്യവസ്ഥകൾ പാലിക്കണമെന്നിരിക്കെ നിലവിലുള്ള വിജ്ഞാപനം നടപ്പായാൽ ഇതിലെ സെക്ഷൻ 63 അനുസരിച്ച് സാദാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കുപോലും വനനിയമ പ്രകാരം വാറന്റില്ലാതെ സംശകരമായി കാണുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയും.
വനംവകുപ്പിന്റെ താത്കാലിക വാച്ചറെ ഉൾപ്പെടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതിനാൽ ഇത് വനപ്രദേശത്തോടു ചേർന്ന് കിടക്കുന്ന ജനങ്ങൾക്ക് ഏറെ ഉപദ്രവം ഉണ്ടാക്കും. നിയമപരമായ കാര്യങ്ങളിൽ അറിവോ പരിശീലനമോ ലഭിക്കാത്ത വാച്ചർമാർ നിയമത്തെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.
സെക്ഷൻ രണ്ടിൽ ഒൻപതാം വകുപ്പ് അനുസരിച്ച് ഏതെങ്കിലും വന്യമൃഗത്തിന് ഭക്ഷണം നൽകിയാൽ പോലും കേസെടുക്കാം . പുഴകളിൽ നിന്നും മീൻ പിടിക്കുന്നവർക്കെതിരെ ഉൾപ്പെടെ കേസെടുക്കാൻ കഴിയും. എവിടേയും കയറി റെയ്ഡ് നടത്തുവാനും കസ്റ്റഡിയിൽ എടുക്കാനുമുള്ള അധികാരം നിയമ പരിജ്ഞാനമില്ലാത്തവർക്ക് നൽകുന്നത് അംഗീകരിക്കാനാവില്ല.
ഈ ഗുരുതരമായ പ്രതിസന്ധികൾ ജനശ്രദ്ധയിലെത്തിക്കാൻ ഗാന്ധിസ്‌ക്വയറിൽ കാഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തുമെന്ന് ആർ.മണിക്കുട്ടൻ, എസ്.ജീവാനന്ദൻ, പി.ആർ.സന്തോഷ് ,സ്റ്റെനിപോത്തൻ എന്നിവർ പറഞ്ഞു.