വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിധിക്കെതിരെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ വാദം തുടങ്ങാനായില്ല

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിധിക്കെതിരെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ വാദം തുടങ്ങാനായില്ല. കേസിലെ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടിട്ട് ഒരു വർഷം തികഞ്ഞു.പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പെൺകുട്ടിയുടെ പിതാവിനും അടുത്ത ബന്ധുക്കൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു നൽകിയ ഉറപ്പാണ് നടക്കാതെ പോയത്.
പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിന് പിന്നാലെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കൊപ്പം കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽ സന്ദർശിച്ചത്. കുടുംബത്തിന് മുഖ്യമന്ത്രി പൂർണപിന്തുണ അറിയിച്ചു. പിന്നാലെ സർക്കാരിൻറെ ആവശ്യപ്രകാരം മൂന്ന് അഭിഭാഷകളുടെ പേരുകൾ കുടുംബം സമർപ്പിച്ചു. വാളയാർ കേസിൽ കോടതിയിൽ ഹാജരായ അഭിഭാഷകരുടെ ഉൾപ്പെടെയുള്ള പേരുകളാണ് നൽകിയിരുന്നത്. എന്നാൽ കുറ്റാരോപിതൻ പുറത്തിറങ്ങി ഒരു വർഷം കഴിഞ്ഞിട്ടും പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. സമീപവാസിയായ അർജുനാണ് പ്രതിയെന്ന പോലീസ് കണ്ടെത്തിയിരുന്നു. 2021 സെപ്റ്റംബർ 21 ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കി കഴിഞ്ഞവർഷം ഡിസംബർ 14ന് കട്ടപ്പന അതിവേഗം സ്പെഷ്യൽ കോടതി വിധി പറഞ്ഞു.
അർജുനെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിധിയിൽ പോലീസിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയിരുന്നു. പോലീസിന്റെ വീഴ്ചയ്ക്കെതിരെ വലിയ പ്രതിഷേധവും സമരപരമ്പരങ്ങളും അരങ്ങേറി .തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വണ്ടിപ്പെരിയാർ SHO ടി ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. ഇപ്പോൾ ഡിവൈഎസ്പിയായ സുനിൽകുമാറിനെ കഴിഞ്ഞയിടെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. പോലീസിന്റെ വീഴ്ചമൂലം ആണ് പ്രതി രക്ഷപ്പെട്ടതെന്ന് ഹൈക്കോടതിയിൽ തെളിയിക്കാനുള്ള കുടുംബത്തിൻറെ പ്രതീക്ഷയാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്.