സിപിഐഎം കട്ടപ്പന ഏരിയ സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥ ഇരട്ടയാറിൽ നിന്നാരംഭിച്ച് കട്ടപ്പനയിൽ സമാപിച്ചു

സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ സീതാറാം യെച്ചൂരി നഗറിൽ നടക്കും. സമ്മേളനത്തിനുമുന്നോടിയായി പി ബി ഷാജി ക്യാപ്റ്റനും ജോയി ജോർജ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ ഇരട്ടയാറിൽ നിന്നാരംഭിച്ച് കട്ടപ്പനയിൽ സമാപിച്ചു. രക്തസാക്ഷി കെ കെ വിനോദിന്റെ അമ്മ വള്ളിയമ്മ പതാക കൈമാറി.
സ്വാഗതസംഘം ചെയർമാൻ മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കട്ടപ്പന ഹിൽടൗൺ ജങ്ഷനിലെത്തിയ ജാഥ, പ്രകടനമായി പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ചേർന്നപ്പോൾ ഏരിയ സെക്രട്ടറി വി ആർ സജി പതാക ഉയർത്തി.വെള്ളി രാവിലെ 10ന് പ്രതിനിധി സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ് തുടങ്ങിയവർ സംസാരിക്കും. ശനിയാഴ്ച പകൽ മൂന്നിന് കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്ന് നഗരത്തിലേക്ക് റെഡ് വളന്റിയർ മാർച്ച്.
പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ(കട്ടപ്പന ഓപ്പൺ സ്റ്റേഡിയം) സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി തുടങ്ങിയവർ സംസാരിക്കും. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടൻപാട്ട് അരങ്ങേറും.