മാങ്കുളത്ത് നടന്നു വന്നിരുന്ന ത്രിദിന ആഗോള ലിംഗ സമത്വ ഉത്തരവാദിത്ത ടൂറിസം സമ്മേളനം സമാപിച്ചു
മാങ്കുളം വിരിപാറയിലെ ഗ്രാന്റ് ക്ലിഫ് റിസോര്‍ട്ടിലായിരുന്നു മൂന്ന് ദിവസങ്ങളിലായി ആഗോള ലിംഗ സമത്വ ഉത്തരവാദിത്ത ടൂറിസം സമ്മേളനം നടന്നു വന്നിരുന്നത്.സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി, യു എന്‍ വിമെന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ചിരുന്ന സമ്മേളനം സമാപിച്ചു.ടൂറിസം മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി ആഗോള ശ്രദ്ധയില്‍ എത്തിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് ടൂറിസം മേഖല കൈവരിച്ച നേട്ടങ്ങളും സ്ത്രീ സൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു.കേരളത്തിലെ സ്ത്രീ സൗഹൃദ ടൂറിസം മാതൃകയെക്കുറിച്ച് ഈ മേഖലയിലെ വിദഗ്തര്‍ കാഴ്ച്ചപ്പാടുകള്‍ പങ്ക് വച്ചു.കേരളത്തില്‍ നടന്നു വരുന്ന സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മ സൃഷ്ടിക്കുക, പരസ്പര സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു കൊണ്ടു പോകുക, ഈ മേഖലയിലുള്ള മാതൃകകള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുക, അനുയോജ്യമായ മാതൃകകളും ആശയങ്ങളും ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യവും സമ്മേളനം മുമ്പോട്ട് വച്ചിരുന്നു.
ടൂറിസം വകുപ്പ് മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചാരംഭിച്ച സമ്മേളനത്തില്‍ വിവിധ ദിവസങ്ങളിലായി അഡ്വ. എ രാജ എം എല്‍ എ, എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഹാരോള്‍ഡ് ഗുഡ് വിന്‍, കേരള ടൂറിസം സെക്രട്ടറി കെ ബിജു, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം മിനി സുകുമാര്‍, കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് സെക്രട്ടറി എസ് സ്വാമിനാഥന്‍, യുഎന്‍ വിമന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ ഡോ. പ്രീജ രാജന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.