കാട്ടുപോത്ത് ആക്രമണത്തിൽ ഇടമലക്കുടി നിവാസികളായ രണ്ട് യുവാക്കൾക്ക് പരിക്ക്

സൊസൈറ്റി കുടി രാമനാഥൻ(18), അമ്പലപ്പാറകുടി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മൂന്നാർ റെയ്ഞ്ച് ഓഫീസർ അഭിലാഷ് കെയുടെ നേതൃത്വത്തിൽ ആർ ആർ ടി സംഘം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് ഒരു മണിയോടെ ആനക്കുളത്തു നിന്ന് വീട്ടു സാധാനങ്ങൾ വാങ്ങി തിരികെ ഇടമലക്കുടിക്ക് കാനാന പാത വഴി നടന്നു പോകുമ്പോൾ മാങ്ങാപ്പാറ തോട്ടിന് സമീപം ഇരുവരെയും കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
തുടർന്ന് പരിക്കേറ്റ ഇരുവരും ഇടമലക്കുടിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇടമലക്കുടി അമ്പലക്കുട 13-ാം വാർഡ് മെമ്പർ ഷൺമുഖത്തിന്റെ നേതൃത്വത്തിൽ സാരമായ പരിക്കേറ്റ രാമനാഥനെ തുണിയിൽ മഞ്ചൽ കെട്ടി ആനക്കുളത്ത് എത്തിക്കുകയായിരുന്നു. മാങ്കുളം ആർ ആർ ടി സംഘം ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാമനാഥന്റെ തോള് എല്ലിന് പൊട്ടലും മുഖത്ത് മുറിവും ഏറ്റിരുന്നു. പ്രകാശിന്റെ കാൽ മുട്ടിന് പരിക്കേറ്റിട്ടുണ്ട്.