വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിൽ ലയത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് അപകടം
വണ്ടിപ്പെരിയാർ തങ്കമല ഇഞ്ചിക്കാട് ബഥേൽ എസ്റ്റേറ്റിൽ തെഴിലാളികൾ താമസിക്കുന്ന ലയത്തിൻെ മേൽക്കൂര ആണ് തകർന്ന് വീണത്. ഇവിടെ താമസിച്ചിരുന്ന തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച്ച പുലർച്ചേ നാലരയോട് കൂടിയാണ് സംഭവം.ബഥേൽ പ്ലാൻ്റേഷൻ്റെ തങ്കമല എസ്റ്റേറ്റ് ഇഞ്ചിക്കാട് ഡിവിഷനിലെ താത്കാലിക തൊഴിലാളി ബാലമുരുകൻ താമസിക്കുന്ന ലയത്തിൻ്റെ മേൽക്കൂരയാണ് ഇടിഞ്ഞുവീണത്.ഈ സമയം ബാലമുരുകൻ കിടന്നുറങ്ങുകയായിരുന്നു.മേൽക്കൂര ഇടിഞ്ഞ് കുറെ ഭാഗം മച്ചിൻ്റെ മുകളിൽ വീണതിനാൽ ബാലമുരുകൻ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഈ സമയം ബാലമുരുകൻ തനിച്ചായിരുന്നു വീട്ടിൽ .ഇതിന് മുൻപും പലതവണ ഇവിടുത്തെ ലയങ്ങൾ ഇടിഞ്ഞ് വീഴാറുണ്ടായിരുന്നു. മഴ ശക്തമായാൽ ഇനിയും ഇത്തരം ദുരിതങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇതിനിടയിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികളും പുനർനിർമാണവും ഒക്കെ നടത്തുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ഉടൻ ഉണ്ടാകും എന്ന് പറയുന്നുണ്ടെങ്കിലും തോട്ടം തൊഴിലാളികൾ താമസിക്കുന്നത് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ ലയത്തിൽ തന്നെയാണ്.