ശരണ മന്ത്രങ്ങളുമായി പരമ്പരാഗത കാനനപാതയിലൂടെ അയ്യപ്പഭക്തർ പുണ്യ ദർശനത്തിനായി എത്തി തുടങ്ങി
ശരണ മന്ത്രങ്ങളുമായി പരമ്പരാഗത കാനനപാതയിലൂടെ അയ്യപ്പഭക്തർ പുണ്യ ദർശനത്തിനായി എത്തി തുടങ്ങി. രാവിലെ മുതൽ വണ്ടിപ്പെരിയാർ സത്രം കാനനപാതയിലൂടെ അയ്യപ്പഭക്തരെ ശബരിമല ദർശനത്തിനായി കടത്തി വിട്ടു തുടങ്ങി. 350 ഓളം അയ്യപ്പഭക്തരാണ് കാനനപാതയിലൂടെ കടന്നുപോകാൻ ആദ്യം രജിസ്റ്റർ ചെയ്തത്.പരമ്പരാഗത കാനന പാതയിൽ ഇനി ശരണ മന്ത്രങ്ങൾ ഉയരും. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടുകൂടി പരമ്പരാഗത കാനനപാതയായ വണ്ടിപ്പെരിയാർ സത്രം വഴി അയ്യപ്പഭക്തർ ശബരിമല ദർശനത്തിനായി എത്തി തുടങ്ങി.
ശ്രീധർമ്മശാസ്താവിന്റെ കാനന യാത്രയെ അനുസ്മരിക്കും വിധം കൊടുംകാട് കടന്ന് അയ്യപ്പ ദർശനം നടത്തുക എന്നത് രുദ്രാക്ഷമണിഞ്ഞ ഏതൊരു അയ്യപ്പഭക്തന്റെയും ആഗ്രഹമാണ്. കേരളത്തിന് പുറമെ തമിഴ്നാട്,കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരും ഇതുവഴി കടന്നുപോകുന്നു. അയ്യപ്പഭക്തർക്ക് അതീവ സുരക്ഷയാണ് വനം വകുപ്പിന്റെ ആർ ആർ ടി സംഘം ഒരുക്കിയിരിക്കുന്നത്. പ്രത്യേക പൂജയോട് കൂടി കാനനപാതയിലൂടെ വനം വകുപ്പ് ഉദ്യോഗസ്ഥർ അയ്യപ്പഭക്തരെ കടത്തിവിട്ടു തുടങ്ങി.
പീരുമേട് എംഎൽഎ വാഴൂർ സോമൻ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ജ്യോതിഷ് ഓഴാങ്കൽ എന്നിവർ കാനന പാതയിലൂടെയുള്ള യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി. വണ്ടിപ്പെരിയാർ സത്രത്തിൽ അയ്യപ്പഭക്തർക്കായി ഗ്രാമ പഞ്ചായത്തിന്റെ ശൗചാലയങ്ങളും ശുചിമുറികളും ഉടൻ തന്നെ പ്രവർത്തനസജ്ജമാക്കുമെന്ന് എംഎൽഎ അറിയിച്ചു. പരമ്പരാഗത കാനനപാതയായ വണ്ടിപ്പെരിയാർ സത്രം വഴി മുന്നൂറോളം തീർത്ഥാടകരാണ് ആദ്യദിനത്തിൽ കടന്നുപോയത് . വനംവകുപ്പിന്റെ നേതൃത്വത്തിൽ കാനന പാതയിൽ ഏഴ് കേന്ദ്രങ്ങളിൽ അയ്യപ്പഭക്തർക്ക് കുടിവെള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .