ധർത്തി ആഭാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു
ധർത്തി ആഭാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇടുക്കി കുമളി മന്നാൻ നഗർ സാംസ്കാരിക നിലയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു.കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ വിശിഷ്ട അതിഥിയായി. ആദിവാസി വിഭാഗത്തെ വികസിത സമൂഹമാക്കി മാറ്റുന്നതിനുള്ള ഊർജ്ജിത ശ്രമമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.
ആദിവാസി മേഖലയുടെ വികസനത്തിനായി കേന്ദ്ര ഗവൺമെൻറ് നിരവധി പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കി വരികയാണ്. ആദിവാസി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിത പ്രദേശങ്ങളിലേത് പോലെ ഉയർത്തണം. ഇതിനായി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറണ്ടേതുണ്ടെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.കേരളത്തിൽ വയനാട്, പാലക്കാട്, കാസർഗോഡ്, ഇടുക്കി എന്നീ ജില്ലകളാണ് ധർത്തി ആഭാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയിലുൾപ്പെടുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം,വിദ്യാഭ്യാസം, ഉപജീവനമാർഗം എന്നിങ്ങനെ നാല് മേഖലകളിലായി പട്ടിക വർഗ ജനതയുടെ സമഗ്രവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സുപ്രധാന സേവനങ്ങൾ ഏറ്റവും വിദൂര ഗോത്ര മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. സംയോജിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ, 17 കാര്യനിർവ്വഹണ മന്ത്രാലയങ്ങളുടെ ഒത്തുചേരൽ, 25 വ്യത്യസ്ത മേഖലകളിലുള്ള ഇടപെടലുകളിലൂടെയുള്ള ഗോത്ര ശാക്തീകരണം എന്നിവയാണ് പദ്ധതിയുടെ കാതൽ.