യുഡിഎഫ് വിട്ട് മന്ത്രിയാകാൻ എൽഡിഎഫ് മുന്നണിയിലേക്ക് ചേക്കേറിയ റോഷി അഗസ് റ്റൻ ഇക്കാലയളവിൽ എന്തു സംഭാവനയാണ് നാടിന് നൽകിയത് എന്നുള്ള കാര്യം വ്യക്തമാക്കണം ; കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി
യുഡിഎഫ് സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൻ്റെ ഭാഗമായി രൂപംകൊണ്ട ഇടുക്കി താലൂക്ക്, ഇടുക്കി മെഡിക്കൽ കോളേജും കട്ടപ്പന താലൂക്ക് ആശുപത്രിയും കട്ടപ്പന നഗരസഭയും യൂഡിഎഫിന്റെ നേട്ടമാണ്. എന്നാൽ റോഷി അഗസ്‌റ്റിൻ്റെ പ്രത്യേകമായ സംഭാവനയല്ല ഇതെന്നും കാലാകാലങ്ങളായി കട്ടപ്പന പഞ്ചായത്തിൽ മാറി മാറി വന്ന യൂഡിഎഫ് ഭരണസമിതിയുടെ പ്രവർത്തനമികവാണ് കട്ടപ്പന പഞ്ചായത്തിനെ നഗരസഭയാക്കിമാറ്റിയത്.
കട്ടപ്പനയിൽ സ്വകാര്യവ്യക്തികളുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ്റ് എക്സേഞ്ച്, ഫയർസ്റ്റേഷൻ, പി.എസ്.സി. എന്നിവയ്ക്കായി 1 ഏക്കർ സ്ഥലം നഗരസഭ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാത്തത് മന്ത്രിയുടെ അനാസ്ഥ കൊണ്ടുമാത്രമാണ്.താലൂക്ക് ആശുപത്രിക്ക് സ്ഥലമല്ല ഇപ്പോൾ ആവശ്യം. ഡോക്ടർമാരുടെ ഒഴിവുകൾ നികത്തി അവരുടെ സേവനം ആണ്. നിലവിലുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിന് 40 കോടിയുടെ പ്രോജക്ട് സർക്കാരിലേക്ക് നഗരസഭ സമർപ്പിച്ചിട്ടുണ്ട്.
ഈ പ്രൊജക്ടാണ് ആദ്യം നടപ്പിലാക്കേണ്ടത്. അതിനുശേഷമാണ് സ്ഥലം വാങ്ങേണ്ടത്.നിലവിലുള്ള പഴയകെട്ടിടം പൊളിക്കുന്നതിന് പിഡബ്ല്യുഡി അനുമതി വാങ്ങി കൊടുക്കാൻ മന്ത്രിക്ക് കഴിയാത്തതുകൊണ്ട് അനുവദിച്ച 17 കോടി രൂപയുടെ നിർമാണ പ്രവർത്തനം 1 വർഷമായി മുടങ്ങികിടക്കുന്നത്.കട്ടപ്പനക്ക് വലിയ അഭിമാനമായി മാറേണ്ടിയിരുന്ന സ്റ്റേഡിയത്തിൻ്റെ സ്ഥലമെടുപ്പ് മന്ത്രിയുടെ പാർട്ടിയുടെ പ്രതിനിധി നഗരസഭാ ചെയർമാനായിരുന്ന സമയത്ത് സ്ഥലമെടുക്കുന്നതു സംബന്ധിച്ചുള്ള കമ്മീഷൻ വീതം വയ്ക്കുന്നതിലെ തർക്കം പാർട്ടി നേതൃത്വത്തിന് പരിഹരിക്കാൻ സാധിക്കാത്തതിലാണ് സ്ഥലമെടുപ്പ് സാധിക്കാതെ വന്നത് എന്നുള്ള വിവരം നാട്ടിൽ പാട്ടാണ്.
മിനി സിവിൽ സ്റ്റേഷൻ, കോടതി സമുച്ചയം, കെഎസ്ആർറ്റിസി ബസ് സ്‌റ്റേഷൻ എന്നിവയ്ക്ക് കട്ടപ്പന നഗരസഭ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കട്ടപ്പനയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡും നഗരസഭ കാര്യാലയം, താലൂക്ക് ആശുപത്രി എന്നിവയൊക്കെ യുഡിഎഫ് ഭരണസമിതി മുൻകൈ എടുത്ത് നടപ്പിലാക്കിയതാണ്. കേന്ദ്ര ഗവൺമെൻ്റ് അനുവദിച്ച 100 ബെഡ് ഉള്ള ഇ.എസ്.ഐ ആശുപത്രിക്ക് 4 ഏക്കർ സ്ഥലം അടുത്ത കാലത്താണ് സൗജന്യമായി വിട്ടു നൽകിയത്.
വാഴവരയിൽ നഗരസഭ വക സ്ഥലത്ത് പണിതു കൊണ്ടിരിക്കുന്ന അർബൻ പിഎച്ച്‌സിയുടെ കെട്ടിടം ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യുവാൻ സാധിക്കും. റോഷി മന്ത്രിയായിരിക്കുന്ന ക്യാബിനറ്റാണ് സിഎച്ച്ആർ റവന്യൂ ഭൂമി വനമാണെന്ന് തീരുമാനമെടുത്ത് സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്. കല്യാണത്തണ്ട് നിവാസികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള സർക്കാർ നീക്കത്തിനെതിരെ മന്ത്രി ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല.
ഇത്തരത്തിൽ മന്ത്രിയുടെ കഴിവുകേടുകൾ മറച്ചുവയ്ക്കുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ പാർട്ടി നഗരസഭയ്ക്കെതിരെ നടത്തുന്ന കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, റൂബി വേഴമ്പത്തോട്ടം, രാജു വെട്ടിക്കൽ ഷാജി പൊട്ടനാനി, സജീവ് കെ.എസ്, ശശികുമാർ എന്നിവർ പങ്കെടുത്തു.