ജില്ലാ ആസ്ഥാന മേഖലയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ജില്ലാ ആരോഗ്യവകുപ്പ് നിഷ്ക്രിയമായി നിലകൊള്ളുന്നു എന്ന് ആരോപണം
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മരിയാപുരം പഞ്ചായത്തിൽ മാത്രം മൂന്നുപേർ മരണപ്പെട്ടിട്ടും അധികൃതർ വേണ്ട മുൻകരുതൽ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.ജില്ലാ ആസ്ഥാന മേഖലയായ മരിയാപുരം വാഴത്തോപ്പ് പഞ്ചായത്തുകളിൽ പലയിടങ്ങളിലും മഞ്ഞപ്പിത്തവും എലിപ്പനി ഉൾപ്പെടെയുള്ള മാരക രോഗങ്ങളും പടർന്നു പിടിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രതിരോധ നടപടികൾ ഇല്ലന്നാണ് നാട്ടുകാരുടെ പരാതി.
മരിയാപുരം പഞ്ചായത്തിൽ മാത്രം കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ മൂന്നുപേർ മഞ്ഞപ്പിത്തവും എലിപ്പനിയും മൂലം മരണപ്പെട്ടതായാണ് വിവരം നിലവിൽ പല വീടുകളിലും ഒന്നിലധികം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. തടിയംപാട് കേന്ദ്രീകരിച്ച് പല ഓട്ടോ ടാക്സി തൊഴിലാളികളും മഞ്ഞപ്പിത്ത രോഗ ഭീഷണിയിലാണ്.
ഒന്നരമാസം മുൻപ് ഇടുക്കിയിലെ പൊതുപ്രവർത്തകൻ്റെ ഭാര്യ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞിരുന്നു. മരിയാപുരം ആരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് വിമലഗിരി സ്വദേശിയായ ഓട്ടോ ഡ്രൈവർ മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞത്. നാല് ദിവസം മുൻപ് ഉപ്പുതോട് സ്വദേശിനിയായ വീട്ടമ്മ എലിപ്പനി മൂലവും മരണമടഞ്ഞു. പതിനാറാംകണ്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നാല് ദിവസത്തോളം ചികിത്സ തേടിയിരുന്ന ഇവർ രോഗം കുറയാതെ വന്നതോടെ കരിമ്പനിലെ സ്വകാര്യ ആശുപത്രിയെയും ആശ്രയിച്ചിരുന്നു.
രണ്ടിടത്തും ലാബ് ടെസ്റ്റുകൾ പോലും നടത്തി രോഗം കണ്ടെത്താതെയാണ് നാലുദിവസത്തിനുശേഷം മറ്റെവിടേക്കെങ്കിലും പോയിക്കൊള്ളാൻ ഇവർക്ക് നിർദ്ദേശം നൽകിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുമണിക്കൂറിന് ശേഷം വീട്ടമ്മ മരണപ്പെടുകയായിരുന്നു. പ്രദേശത്തേ ആരോഗ്യകേന്ദ്രങ്ങളുടെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നിഷ്ക്രിയത്തം കൊണ്ട് പല നിർദ്ധന കുടുംബങ്ങളുടെയും ഏക ആശ്രയമായവർ മരണത്തിന് കീഴടങ്ങുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയും ഇടുക്കിയുടെ മന്ത്രിയും ജില്ലാ ആരോഗ്യ വകുപ്പും വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.