കട്ടപ്പന - പാറക്കടവ് ബൈപ്പാസ് റോഡിൽ സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമർ അപകട സാധ്യത ഉയർത്തുന്നു
ശബരിമല തീർത്ഥാടക വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും സ്കൂൾ ബസുമെല്ലാം കടന്നു പോകുന്ന കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡാണിത്. ഇവിടെ കുന്തളംപാറ റേഷൻ കട ഭാഗത്തുള്ള ട്രാൻസ്ഫോർമർ നിൽക്കുന്നത് റോഡിനോടു ചേർന്നാണ്. ഇതിൻ്റെ പിൻഭാഗത്ത് തോടും ഒഴുകുന്നുണ്ട്. 100 കിലോവാട്ട് കപ്പാസിറ്റിയുള്ള ട്രാൻസ്ഫോമറിന് ചുറ്റുവേലി ഇല്ലാത്തതാണ് വാഹന യാത്രികർക്കും കാൽനട യാത്രികർക്കും അപകട ഭീഷണി ഉയർത്തുന്നത്.
വലിയ അപകട സാധ്യത നിലനിൽക്കുന്ന ഇവിടെ ട്രാൻസ്ഫോമർ പോസ്റ്റിൽ വൈദ്യുതി അപകടമുണ്ടായാൽ അറിയിക്കാൻ നമ്പർ എഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. വഴി പരിചയമില്ലാതെ എത്തുന്നവർ വളവുകൂടിയായ ഈ ഭാഗത്ത് അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. കൂടാതെ ട്രാൻസ്ഫോർമറിലെ ഫീസുകൾ ഉൾപ്പെടെ വളരെ താഴ്ന്ന് സ്ഥാപിച്ചിരിക്കുന്നതും
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണി ഉയർത്തുന്നു. വാഹനങ്ങളിലും കാൽനടയായും ദിനംപ്രതി ആയിരങ്ങൾ യാത്ര ചെയ്യുന്ന റോഡിനു സമീപത്തെ ട്രാൻസ്ഫോമറിന് ചുറ്റും അധികൃതർ സംരക്ഷണ വേലി നിർമ്മിക്കാത്ത പക്ഷം വലിയ അപകടങ്ങൾക്ക് ഇടയാക്കിയേക്കുമെന്നാണ് ആശങ്ക ഉയരുന്നത്.