കട്ടപ്പന സബ്ജില്ലാ കലോത്സവത്തിന് രചനാ മത്സരങ്ങളോടെ മേരികുളത്ത് തുടക്കമായി
കട്ടപ്പന സബ്ജില്ലാ കലോത്സവത്തിന് രചനാ മത്സരങ്ങളോടെ മേരികുളത്ത് തുടക്കമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്റ്റേജിതര മത്സരങ്ങൾക്ക് പങ്കാളിത്ത ബാഹുല്യം ഏറെ ശ്രദ്ധേയമായിരുന്നു. രചനാ മത്സരങ്ങളാരംഭിച്ചതോടെ സ്കൂളും പരിസരവും ഉത്സവാന്തരീക്ഷത്തിലേക്ക് ചുവട് വെച്ചു . ചിത്രരചനയിൽ മത്സരാർത്ഥികൾ നീതി പുലർത്തിയെങ്കിലും ഗുരുമുഖത്തുന്ന നിന്ന് പഠിക്കാത്തതിൻ്റെ കുറവ് പ്രകടമായെന്ന് വിധി കർത്താക്കൾ പറഞ്ഞു.
കട്ടപ്പന സബ്ജില്ലാ സ‌്കൂൾ കലോത്സവത്തിലെ സ‌്റ്റേജിതര മത്സരങ്ങൾക്ക‌് ഇന്നലെയാണ് മേരികുളം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായത്. ഹൈസ‌്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 17 ഇനങ്ങളിലായി 205 വിദ്യാർഥികൾ പങ്കെടുത്തു. ചിത്രരചന, ജലച്ചായം, എണ്ണച്ചായം, ഇംഗ്ലീഷ് മലയാളം ,കവിതാരചന, കഥാരചന, മലയാളം ഇംഗ്ലീഷ് ഉപന്യാസം ഹിന്ദികഥാരചന, കവിതാരചന, ഉപന്യാസം, എച്ച‌്എസ‌്എസ‌് വിഭാഗത്തിൽ ഇംഗ്ലീഷ‌് ഉപന്യാസം, ഉർദു കവിതാരചന, കഥാരചന, ഉപന്യാസം, അറബി കവിതാരചന, കഥാരചന, ഉപന്യാസം എന്നി മത്സരങ്ങളാണ‌് നടന്നത‌്. മത്സരാർത്ഥികൾ വീറും വാശിയോടെയുമാണ് മത്സരത്തിൽ പങ്കാളികളയത്. സാധാരണ സ്റ്റേജിതര മത്സരങ്ങളിൽ മത്സരാർത്ഥികൾ കുറയുന്നതാണ്. എന്നാൽ ഈ വർഷം മത്സരാർത്ഥികളുടെ ബാഹുല്യം കൊണ്ട് മത്സരം ശ്രദ്ധയാകർഷിച്ചു.
ചിത്രകലയുടെ ബാലപാഠം പോലും പഠിക്കാത്തവരും ശാസ്ത്രീയമായി പഠിച്ചവരും മത്സരങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചു. യുടൂബിൽ നിന്നും പഠിച്ചാണ് മത്സരാർത്ഥികൾ മത്സരത്തിനെത്തിയതെങ്കിലും നീതി പുലർത്തി. സ്വന്തം കഴിവുകളിൽ ജനിച്ച കവിതകളും കഥകളും ഉപന്യാസവുമെല്ലാം പുതിയ തലമുറയെ എഴുത്തിൻ്റെ ലോകത്തേക്ക് തിരികെ എത്തിച്ചതുപോലെ തോന്നുന്ന പ്രകടനമായിരുന്നു ഓരോരുത്തരും നടത്തിയത്.