മണ്ഡല മകരവിളക്ക് സീസൺ അടുത്തെത്തിയതോടെ വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി
102 പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തെ തുടർന്നായി രുന്നു കോഴിക്കാനം - പുല്ലുമേട് പാത അടച്ചതോടെ വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനന പാത വഴി അയ്യപ്പ ഭക്തരെ കടത്തി വിടുന്നത്. സത്രത്തിൽ നിന്നും 12 കിലോമീറ്റർ വനത്തിലൂടെ നടന്നാണ് ഭക്തർ ശബരിമല സന്നിധാനത്തെത്തുന്നത്. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി കാനന പാതയുടെ ഇരു വശത്തും വളർന്നു നിൽക്കുന്ന കാട്ടു ചെടികൾ വനം വകുപ്പ് വെട്ടിത്തെളിക്കാൻ തുടങ്ങി.
പാതയിൽ അരക്കിലോമീറ്റർ ഇടവിട്ട് കുടിവെള്ളം വിതരണം ചെയ്യും. അയ്യപ്പ ഭക്തരെ കടത്തി വിടുമ്പോൾ സത്രത്തിൽ നിന്നും ആദ്യത്തെ സംഘത്തിനു മുന്നിൽ വന്യമൃഗ ആക്രമണം തടയാൻ വനപാലകരുണ്ടാകും. സന്നിധാനത്തു നിന്നും തിരിച്ചെത്തുന്ന അവസാനത്തെ ഭക്തനൊപ്പവും ഇവരുണ്ടാകുക ഇതോടൊപ്പം വനവകുപ്പിൻറെ ഡ്രോൺ എത്തിച്ചും വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കും. പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപിൻറെ മേൽനോട്ടത്തിലാണ് പണികൾ പുരോഗമിക്കുന്നത്.
സത്രത്തിൽ ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ സ്ഥലത്ത് കടകൾ നിർമ്മിക്കാൻ തുടങ്ങി. പോലീസിനും ദേവസ്വം ജീവനക്കാർക്കുമുള്ള ഷെഡ്ഡുകളുടെ പണികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ പോലെ തിരക്കുണ്ടായാൽ വാഹനങ്ങൾ പാർക്കു ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടേണ്ടി വരും.
പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള താൽക്കാലിക ശുചിമുറികളുടെ പണികൾ ഇതുവരെ വണ്ടിപ്പെരിയാർ പഞ്ചായത്ത് തുടങ്ങിയിട്ടില്ല. വണ്ടിപ്പെരിയാറിൽ നിന്നും 14 കിലോമീറ്ററാണ് സത്രത്തിലേക്കുള്ള ദൂരം. വൃശ്ചികം ഒന്നാം തീയതിയിൽ മുതൽ തന്നെ അയ്യപ്പഭക്തരെ ഇതുവഴി കടത്തിവിടും എന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.