ഇടുക്കി മൂന്നാർ വഴിയോര കച്ചവട മൊഴിപ്പിക്കൽ നിലച്ചതിനെതിരെ സമര പരിപാടികളുമായി വ്യാപാരികൾ രംഗത്ത്
വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്നുള്ള സുപ്രീം കോടതി നിർദേശം, ട്രാഫിക് കമ്മിറ്റി തീരുമാനങ്ങൾ എന്നിവയുടെ നിർദേശങ്ങളും തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കളക്ടർ, സബ് കളക്ടർ , ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകും.ആദ്യ ഘട്ടമായി വെള്ളിയാഴ്ച ഉച്ചവരെ കടകൾ അടച്ചിട്ട് മൂന്നാർ ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തും.ഒഴിപ്പിക്കൽ നടപടികൾ പുനരാരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് മൂന്നാറിലെ വ്യാപാരികളുടെ തീരുമാനം.
ഒഴിപ്പിക്കൽ നടപടിയുണ്ടാകാത്ത പക്ഷം കോടതി അലക്ഷ്യത്തിന് ബന്ധപ്പെട്ട അധികൃതർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും മൂന്നാർ മർച്ചന്റ് ഹാളിൽ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അടിയന്തിര യോഗത്തിൽ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെയും മറ്റും പ്രതിഷേധത്തെ തുടർന്ന് വഴിയോര കച്ചവട മൊഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചതിനെ തുടർന്നാണ് വ്യാപാരികൾ അടിയന്തിര യോഗം ചേർന്ന് തീരുമാനിച്ചത്.അതേസമയം ഒഴിപ്പിക്കൽ നടപടികൾ തുടർന്നില്ലെങ്കിൽ പ്രതിഷേധവുമായി സിപിഐയും രംഗത്ത് വന്നേക്കും.