കട്ടപ്പനയെ വർണ്ണാഭമാക്കാനുള്ള നടപടിയുമായി കട്ടപ്പന നഗരസഭ

കട്ടപ്പനയെ അടിമുടി മാറ്റി പുതിയ ലുക്ക് നൽകാനുള്ള മുന്നൊരുക്കത്തിലാണ് നഗരസഭ. എല്ലാ കെട്ടിടങ്ങൾക്കും കളർകോഡ്, എല്ലാ പാതയോരങ്ങളും പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നു, നഗരസഭ മൈതാനമടക്കം വൃത്തിയാക്കി പൂച്ചെടികൾ നട്ട് മനോഹരമാക്കുന്നു. പൊതുയിടങ്ങളിലെ ചുവരുകളിലെല്ലാം ചുവർ ചിത്രത്തിൻ്റെ ചാരുത പകരും. ഇത്തരത്തിൽ ജില്ലയിലെ രണ്ടാമത്തെ നഗരസഭയായ കട്ടപ്പനയെ മോടി പിടിപ്പിച്ച് കൂടുതൽ ആകർഷകമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നവം 5ന് വ്യാപാരികളുടെയും സംഘടന പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും ഡിസംബർ 30 നകം നഗരം സൗന്ദര്യവത്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി പറഞ്ഞു.
പദ്ധതി നടപ്പിലാക്കാനായാൽ കട്ടപ്പനയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരമാകുന്നതിനൊപ്പം നഗരത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും ഇതിലൂടെ ടൂറിസം വാണിജ്യ രംഗത്തുൾപ്പെടെ മികച്ച നേട്ടം ലഭ്യമാകും.