രാജകുമാരി പഞ്ചായത്തിലെ കുരുവിളാസിറ്റിയിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നു നാട്ടുകാർ

രാജകുമാരി പഞ്ചായത്തിലെ കുരുവിളാ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നു നാട്ടുകാർ. ഹൈറേഞ്ച് മേഖലയിലെ തന്നെ ആദ്യ ഗവ: ആശുപത്രിയാണ് ഇത്. 1977-ലാണ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. ദിനം പ്രതി 400 -ൽ പരം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ, സേനാപതി ,രാജാക്കാട്, രാജകുമാരി, ഉടുമ്പൻചോല ബൈസൺവാലി, വെള്ളത്തൂവൽ എന്നീ പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികൾക്കും,ഇതര സംസ്ഥാന തൊഴിലാളികൾക്കും ഏറെ പ്രയോജനകരമായ ആശുപത്രിയാണ് ഇത്.
50 പേരെ കിടത്തി ചികിത്സിയ്ക്കാൻസൗകര്യം ഉണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ തയ്യാറാകാത്തതാണ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റാൻ കാരണം. മൂന്ന് സ്ഥിരം ഡോക്ടർമാർ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് സേവനം അനുഷ്ഠിക്കുന്നത്. ഒരു എൻ.എച്ച് എം ഡോക്ടറും താത്കാലികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ,ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് ഇത് പോരെന്ന് നാട്ടുകാർ പറഞ്ഞു.
ഹൈറേഞ്ചിലെ നിർധനരായ രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവിശ്യപെടുന്നു. രണ്ട് ഏക്കറോളം സ്ഥലം ആശുപത്രിക്ക് സ്വന്തമായി ഉണ്ട്. കെട്ടിടങ്ങൾ നവീകരിച്ച് , ആവിശ്യമായ ആരോഗ്യ പ്രവർത്തകരുടെ നിയമനവും പൂർത്തികരിച്ച് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെടുന്നു.