രാജാക്കാട് കള്ളിമാലി വ്യൂ പോയിൻ്റിലെ ടൂറിസം ഫെസിലിറ്റേഷൻ സെൻ്റർ കാടുകയറി നശിക്കുന്നു

2020 നവംബറിൽ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന റെജി പനച്ചിക്കൽ മുൻകൈ എടുത്ത് പണികഴിപ്പിച്ചതാണ് ഈ രണ്ടു നില കെട്ടിടം.കള്ളിമാലി വ്യൂ പോയിൻ്റിൽ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ഈ കെട്ടിടം പണി തീർത്തത്. രണ്ടു നിലകളും ആധുനിക സൗകര്യങ്ങളൊരുക്കിയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഈ മണിമന്ദിരത്തിലിരുന്നാൽ പൊന്മുടി ഡാം റിസർവോയറും നോക്കെത്താ ദൂരത്തുള്ള കാനന ഭംഗിയും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ അതിൻ്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. കെട്ടിടം കാട് കയറി നശിക്കുന്നു. വയറിംഗ് ഉൾപ്പെടെ പല ഇലക്ട്രിക്,ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിലവിൽ കാണാനില്ല.അതെല്ലാം മോഷ്ടിക്കപ്പെട്ടതാണോ എന്ന് പോലും വ്യക്തതയില്ല.
ഇപ്പോൾ സാമൂഹ്യവിരുദ്ധർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണീ സെൻ്റർ.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തധികൃതർ അടിയന്തിരമായി ഇടപെടണമെന്നും നേരിട്ട് നടത്തുകയോ മറ്റേതെങ്കിലും ഏജൻസികൾക്കോ വ്യക്തികൾക്കോ പാട്ടത്തിന് കൊടുക്കുകയോ വേണമെന്ന ആവശ്യമാണുയരുന്നത്.