സംസ്ഥാന സർക്കാരിൻ്റെ ഇടുക്കി ജില്ലയോടുള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പട്ടയ പ്രശ്നങ്ങൾക്കും മറ്റ് വിവിധങ്ങളായ ഭൂവിഷയങ്ങൾക്കും പരിഹാരമില്ലാതെ തുടരുന്നതും, ഇടുക്കി മെഡിക്കൽ കോളേജിനോടുള്ള അവഗണനയും ജില്ലാ ആസ്ഥാന വികസനത്തിലെ തടസങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ ആസ്ഥാനത്ത് ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിന് ശേഷം നടന്ന സമ്മേളനം പാർട്ടി സംസ്ഥാന ചെയർമാൻ പി ജെ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിൻ്റെ ജില്ലയോടുള്ള അവഗണനയുടെയും കർഷക വിരുദ്ധ നയങ്ങളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിഎച്ച്ആർ പ്രശ്നത്തിൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ് എന്നും, സർക്കാർ ഇടുക്കി ജില്ലയിലെ കർഷകരോട് ചെയ്ത വഞ്ചന മറക്കാനാവില്ലെന്നും പി. ജെ. ജോസഫ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പ്രൊഫ എം ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, മറ്റു നേതാക്കളായ തോമസ് ഉണ്ണിയാടൻ, ജോയി കൊച്ചുകരോട്ട്, വർഗീസ് വെട്ടിയാല്‍, ഷീല സ്റ്റീഫൻ ഷൈനി സജി, എം മോനിച്ചൻ നോബിൾ ജോസഫ് ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സംസാരിച്ചു.