ശബരിമല മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു

ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള ആലോചനയോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വിളിച്ചു കൂട്ടിയത്.ഇതിൽ പ്രധാനമായും തീർത്ഥാടകരുടെ സുരക്ഷയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായുള്ള പ്രധാന ഇടത്താവളം കൂടിയായ വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ഇത്തവണ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശമാണ് കൂടുതലായി വന്നത്.
ഇതുകൂടാതെ ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും എത്രയും വേഗം റോഡ് അരികിലെ കാടുകൾ വെട്ടി നീക്കി സൈൻബോർഡുകൾ ഇതുവഴി കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് കാണത്തക്ക രീതിയിൽ മാറ്റണം, പീരുമേട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മത്തായി കൊക്ക ഭാഗത്തെ റോഡ് ഇടിഞ്ഞ് പോയത് നിർമ്മിക്കാനുള്ള നടപടി ഉണ്ടാകണം. കൂടാതെ വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാനനപാതയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കായുള്ള ഷെഡും മറ്റും കൂടുതലായി നിർമ്മിക്കണം.
വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ളം നേരത്തെ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഏർപ്പെടുത്തണം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിരിപ്പന്തലുകൾ നിർമ്മിക്കാനും ഇതോടൊപ്പം കഴിഞ്ഞതവണ കൂടുതലായി അയ്യപ്പഭക്തർ സത്രം വഴി കടന്നു പോയപ്പോൾ തിരക്ക് ഉണ്ടായതിനെ തുടർന്ന് ഷെഡ് പൊളിച്ചുമാറ്റിയ സംഭവം വരെ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഇത്തവണ അതിനുള്ള ക്രമീകരണം കൂടി നടത്തണം, ഇതോടൊപ്പം വണ്ടിപ്പെരിയാർ ടൗണിൽ എത്തുന്ന അയ്യപ്പഭക്തർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണം, സത്രത്തിൽ ഇത്തവണ കൂടുതൽ ചൗചാലയങ്ങളും വിരിപ്പന്തലുകളും ഏർപ്പെടുത്തും.
ഇതോടൊപ്പം പ്രധാനമായും വണ്ടിപ്പെരിയാർ ടൗണിലെത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ കൂടാതെ വഴിവിളക്ക് ഉൾപ്പെടെയുള്ള വെളിച്ച സംവിധാനങ്ങൾ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം തുടങ്ങി മണ്ഡലകാലത്തേക്ക് ആവശ്യമായ മുഴുവൻ ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് ആലോചന യോഗം വിളിച്ചുകൂട്ടിയത്.
യോഗത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ശ്രീരാമൻ അധ്യക്ഷൻ ആയിരുന്നു ചെയർപേഴ്സൺ ഷീലാ കുളത്തിങ്കൽ, പ്രതിഭ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധു മോഹൻ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആലോചന യോഗത്തിൽ പങ്കെടുത്തു. ഏറ്റവും അടുത്ത ദിവസം തന്നെ സർവകക്ഷിയോഗം വിളിച്ചു കൂട്ടുവാനും തീരുമാനിച്ചിട്ടുണ്ട്..