സിഎച്ച്ആര്‍;സര്‍ക്കാര്‍ നിലപാട് തെളിനീര് പോലെ വ്യക്തം, സങ്കീര്‍ണ്ണമാക്കിയത് ഏലം കര്‍ഷക സംഘടന: -സിപിഐ എം

ഏലമല പ്രദേശം വനമല്ലെന്ന എക്കാലത്തെയും സുവ്യക്തവും കൃത്യതയുമാര്‍ന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് അറിയിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍റെ നിലപാട് പരോക്ഷമായി പരിസ്ഥിതി സംഘടനയെ സഹായിക്കുന്നതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നതിലേക്കുമാണ് എത്തിച്ചതെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ഏലമല പ്രദേശം റവന്യു ഭൂമിയാണെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നിലപാടിനെ അട്ടിമറിക്കാന്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും ഗൂഢാലോചന നടത്തി വരികയായിരുന്നു. സിഎച്ച്ആര്‍ വനമാണെന്ന് സ്ഥാപിച്ച് വന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ 2002 ല്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്തുണയോടെ സുപ്രീം കോടതിയില്‍ കേസ് നല്‍കിയതോടെയാണ് സിഎച്ച്ആര്‍ പ്രശ്നത്തിന് തുടക്കമിടുന്നത്.
1897 ലെ തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ വിളംബരത്തില്‍ 215720 ഏക്കര്‍ ഭൂമി ഏലം കൃഷിക്കായി വിജ്ഞാപനം ചെയ്തു എന്നുള്ള രേഖകളാണ് പരിസ്ഥിതി സംഘടന സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റിക്കു മുമ്പാകെ ഹാജരാക്കിയത്. ഈ രേഖകളിന്‍മേല്‍ അഭിപ്രായം അറിയിക്കാന്‍ എംപവേര്‍ഡ് കമ്മറ്റി 5 തവണ എ.കെ. ആന്‍റണി മുഖ്യമന്ത്രിയും കെ. സുധാകരനും തുടര്‍ന്ന് എ. സുജനപാലും വനം മന്ത്രിമാരായിരിക്കെ ഉള്ള യുഡിഎഫ് മന്ത്രിസഭയോട് ആവശ്യപ്പെട്ടിട്ട് ഒരുതവണ പോലും ഹിയറിംഗിന് ഹാജരാകാന്‍ തയ്യാറായില്ല.
1897 ലെ വിജ്ഞാപന പ്രകാരം 15720 ഏക്കര്‍ ഭൂമി മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്ന കാര്യം എംപവേര്‍ഡ് കമ്മറ്റിയെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ആന്‍റണി സര്‍ക്കാര്‍ പാഴാക്കിയത്. ഇതേതുടര്‍ന്ന് വനമാണെന്ന നിഗമനത്തില്‍ എംപവേര്‍ഡ് കമ്മറ്റി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. 2005 ല്‍ സിഎച്ച്ആര്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല.
2007 ല്‍ വി.എസ്. സര്‍ക്കാരിന്‍റെ കാലത്ത് സിഎച്ച്ആര്‍ പ്രശ്നം സമഗ്രമായി പഠിക്കാന്‍ മന്ത്രിസഭ ഉപസമിതിയെ നിയമിക്കുകയുണ്ടായി. കെ.പി. രാജേന്ദ്രന്‍, ബിനോയി വിശ്വം, പി.കെ. ഗുരുദാസന്‍, എം. വിജയകുമാര്‍ എന്നിവരടങ്ങിയ സബ് കമ്മറ്റി സിഎച്ച്ആറില്‍ 15720 ഏക്കര്‍ മാത്രമാണ് വനപ്രദേശം ഉള്ളതെന്നും അതിപ്പോഴും അതേപടി നിലനില്‍ക്കുന്നുവെന്നും ബാക്കിയുള്ള മുഴുവന്‍ ഭൂമിയും റവന്യൂ ഭൂമിയാണെന്നും മരങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം മാത്രമാണ് വനം വകുപ്പിനുള്ളതെന്നുമുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2007 നവംബര്‍ 10 ന് അന്നത്തെ ചീഫ് സെക്രട്ടറി പി.ജെ. തോമസ് സുപ്രീം കോടതിയില്‍ ആദ്യത്തെ സത്യവാങ്മൂലം നല്‍കി. 2011 ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഫോറസ്റ്റ് മാനേജ്മെന്‍റ് പ്ലാനിനകത്ത് സിഎച്ച്ആര്‍ വനമാണെന്ന് സൂചിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. ഇതിനിടെ പരിസ്ഥിതി സംഘടന നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് കമ്പം കാര്‍ഡമം ഗ്രോവേഴ്സ് യൂണിയന്‍ അഡ്വ. വി. ഗിരി മുഖേന സുപ്രീം കോടതിയില്‍ കേസ് നല്‍കുകയുണ്ടായി.
ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് വിഷയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് രണ്ട് സത്യവാങ്മൂലങ്ങള്‍ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇതിന്‍ പ്രകാരം 2023 ഒക്ടോബര്‍ 10 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും 2024 മാര്‍ച്ച് 14 ന് റവന്യൂ അണ്ടര്‍ സെക്രട്ടറിയും രണ്ട് സത്യവവാങ്മൂലങ്ങള്‍ കൂടി ഫയല്‍ ചെയ്തു. സിഎച്ച്ആര്‍ വനപ്രദേശമല്ലെന്നും 15720 ഏക്കര്‍ മാത്രമാണ് വനമുള്ളതെന്നും അതവിടെയുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ ഇടുതുപക്ഷ സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള സ്ഫടികതുല്യമായ നിലപാടുകള്‍ക്ക് അനുസൃതമായി കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റിയെ സമീപിച്ചതാണ് ഇപ്പോഴുണ്ടായിട്ടുള്ള തിരിച്ചടിക്ക് കാരണം. കുടിയിറക്കരുത് എന്നാവശ്യപ്പെട്ടാണ് വണ്ടന്‍മേട് ഏലം കര്‍ഷക സംഘടന എംപവേര്‍ഡ് കമ്മറ്റിയ്ക്ക് മുമ്പാകെ എത്തിയത്.
200 വര്‍ഷമായി ജനങ്ങള്‍ കൃഷി ചെയ്തും താമസിച്ചും വരുന്ന സ്ഥലത്ത് ഒരുവിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലാതിരിക്കെ കുടിയിറക്കരുതെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ വനഭൂമിയാണ് കൈവശപ്പെടുത്തിയിട്ടുള്ളതെന്ന നിഗമനത്തിലേക്ക് എംപവേര്‍ഡ് കമ്മറ്റിയും സുപ്രിം കോടതിയും എത്താന്‍ ഏലം കര്‍ഷക സംഘടനയുടെ അനവസരത്തിലെ നടപടി കാരണമായി മാറി. കോടതിയെ സഹായിക്കാന്‍ നിയോഗിച്ചിരുന്ന അമിക്കസ്ക്യൂറി എംപവേര്‍ഡ് കമ്മറ്റി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഏലം കര്‍ഷക സംഘടനയുടെ കുടിയിറക്കരുതെന്ന വാദത്തെ ഖണ്ഡിച്ചു.
ട്രാവന്‍കൂര്‍ മാനുവലും ഫോറസ്റ്റ് മാനുവലും ഉള്‍പ്പടെയുള്ള രേഖകള്‍ റിപ്പോര്‍ട്ടാക്കി സിഎച്ച്ആര്‍ വനമാണെന്ന് കാണിച്ച് അമിക്കസ്ക്യൂരി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് സുപ്രീം കോടതി വീണ്ടും സത്യവാങ്മൂലം ആവശ്യപ്പെടുകയും ബുധനാഴ്ച ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സുപ്രീം കോടതിയില്‍ നാലാമത്തെ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. ഏലമല പ്രദേശം വനമല്ലെന്ന് ആവര്‍ത്തിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സത്യവാങ്മൂലം നല്‍കിയത്.
കേസ് പരിഗണിക്കുന്നതിനിടെ ഏലമല പ്രദേശത്ത് ഭൂമിയുടെ കരമടയ്ക്കല്‍, കൈമാറ്റം, വില്‍പ്പന തുടങ്ങിയവ റദ്ദ് ചെയ്യണമെന്ന് അമിക്കസ്ക്യൂറി ആവശ്യപ്പെട്ടു. അതനുവദിക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി വാദമുഖങ്ങളുയര്‍ത്തിയ ജയ്ദീപ് ഗുപ്തയും കമ്പം സംഘടനയ്ക്കുവേണ്ടി ഹാജരായ വി. ഗിരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടുത്ത വാദം കേള്‍ക്കും വരെ പുതിയ പട്ടയം കൊടുക്കരുതെന്നും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കരുതെന്നും മാത്രമായി ഇടക്കാല ഉത്തരവ് ഉണ്ടായിട്ടുള്ളത്.
പരിസ്ഥിതി സംഘടനയുടെ അച്ചാരം വാങ്ങി പതിനായിരക്കണക്കായ ഏലം കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് വണ്ടന്‍മേട് സംഘടന ചെയ്തിട്ടുള്ളത്. കേസിനെന്ന പേരില്‍ ഇടുക്കിയില്‍ ഏലത്തോട്ടമുള്ള കോട്ടയം, എറണാകുളം ജില്ലകളിലെ തോട്ടം ഉടമകളില്‍ നിന്നും വന്‍ പണപ്പിരിവ് നടത്തി സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം നടത്താനാണ് പാര്‍ലമെന്‍റംഗത്തിന്‍റെ ബി ടീമായ കോണ്‍ഗ്രസ്സ് സംഘടന ലക്ഷ്യം വയ്ക്കുന്നത്.
കര്‍ഷക മേലങ്കിയണിയുന്ന റിസോര്‍ട്ട് ലോബികളും മറ്റുചില സംഘടനകളും വസ്തുതകള്‍ പഠിക്കാതെ നടത്തുന്ന പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. സിഎച്ച്ആര്‍ വനമല്ലെന്ന അത്യന്തം വ്യക്തവും കൃത്യവുമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കായി എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും നാളെകളിലും കൂടുതല്‍ ആര്‍ജ്ജവത്തോടെ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.