കേരളത്തിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനായ മുല്ലപ്പെരിയാർ സ്റ്റേഷൻ അണക്കെട്ടില്‍ നിന്ന് അധികം ദൂരമില്ലാത്ത സത്രമെന്ന സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പീരുമേട് എം എൽ എ വാഴൂർ സോമൻ

കഴിഞ്ഞ ദിവസം പത്രത്തിൽ പ്രസിദ്ധീകരിച്ച കൊടുംകാട്ടില്‍ ഒരു പൊലീസ് സ്റ്റേഷൻ എന്ന വാർത്തയോട് പ്രതികരിക്കവേയാണ് വാഴൂർ സോമൻ ഇക്കാര്യം അറിയിച്ചത്. സത്രത്തില്‍ എൻ.സി.സിയുടെ എയർ സ്ട്രിപ്പ് നിർമ്മാണം നടന്നുവരുന്ന സ്ഥലത്തോട് ചേർന്നാണ് മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന് വേണ്ടി റവന്യൂ ഭൂമി കണ്ടെത്തിയിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംരക്ഷണത്തിനായി പൊലീസ് സ്റ്റേഷൻ അനുവദിച്ച് വൈകാതെ തന്നെ സത്രത്തില്‍ അഞ്ച് ഏക്കർ റവന്യൂ ഭൂമി കണ്ടെത്തി നല്‍കിയിരുന്നു.
എന്നാല്‍ ഇവിടെ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ തടസമുന്നയിച്ച് വനംവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഈ ഭൂമി വനം വകുപ്പിന്റേതാണെന്ന് പറഞ്ഞ് 2017ല്‍ നിർമ്മാണങ്ങള്‍ ഇവർ തടഞ്ഞു. ഈ പ്രദേശത്ത് വനഭൂമിയില്ലെന്ന വാദവുമായി റവന്യൂ വകുപ്പും രംഗത്തെത്തി. വനംവകുപ്പും റവന്യൂ വകുപ്പും തമ്മില്‍ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായ തർക്കം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. സത്രത്തില്‍ ടൂറിസത്തിനും എയർ സ്ട്രിപ്പിനും വേണ്ടി റവന്യൂ ഭൂമി അനുവദിച്ചത് വനം വകുപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും എയർ സ്ട്രിപ്പിന്റെ നിർമ്മാണ ജോലികള്‍ 90 ശതമാനം പൂർത്തിയായിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് റവന്യൂ, വനം, ടൂറിസം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. യോഗ തീരുമാനങ്ങള്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. സത്രത്തില്‍ മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ വന്നാല്‍ ഇവിടെ നിന്ന് വള്ളക്കടവ് വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാല്‍ അണക്കെട്ടില്‍ എത്താം. മുല്ലപ്പെരിയാർ അണക്കെട്ടില്‍ സുരക്ഷാ ജോലികള്‍ നോക്കുന്ന 124 പൊലീസ് ഉദ്യോഗസ്ഥർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സത്രത്തില്‍ നിർമ്മിക്കുന്ന സ്റ്റേഷനില്‍ ഉണ്ടാവും.
സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കേന്ദ്ര നിയമ പ്രകാരമാണ് എൻ.സി.സിയ്ക്ക് വേണ്ടി എയർ സ്ട്രിപ്പ് നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്തത്. ഇതേ നിയമത്തിന്റെ പിൻബലം പൊലീസ് സേനയ്ക്കും ലഭിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന് കാവല്‍ നില്‍ക്കുന്ന പൊലീസ് സേനയ്ക്ക് സർക്കാർ അർഹമായ പ്രത്യേക പരിഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.