അപകടാവസ്ഥയിലായ ഇരട്ടയാർ ശാന്തിഗ്രാം പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ സംരക്ഷണ ഭിത്തി നിർമ്മാണം ആരംഭിച്ചു

സംസ്ഥാന പാതയുടെ ഭാഗമായ ഇരട്ടയാർ ശാന്തിഗ്രാം പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ കൽക്കെട്ട്, കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞതോടെയാണ് അപകടാവസ്ഥ രൂപപ്പെട്ടത്. ഇതോടെ ഇതു വഴി സർവ്വീസ് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചത് കടുത്ത യാത്രാദുരിതമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് എം എം മണി എം എൽ എ യുടെ ഇടപെടലിലൂടെ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 13 ലക്ഷത്തി 85000 രൂപയുടെ അനുമതി ലഭ്യമായത്.
പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ജോലികൾ ആരംഭിച്ചു. ഇവിടെ പുതിയ പാലവും സമയബന്ധിതമായി നടപ്പാക്കുമെന്ന് എം എം മണി എം എൽ എ പറഞ്ഞു. ശാന്തിഗ്രാം പാലം പുനർനിർമ്മിക്കാൻ 9 കോടി 99 ലക്ഷം രൂപയുടെ രൂപകൽപന തയ്യാറാക്കിയത് സർക്കാർ പരിഗണനയിലാണ്.
അപ്രോച്ച് റോഡിൻ്റെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കാനാകും. ഇരട്ടയാർ - ഇരട്ടയാർ നോർത്ത് റോഡ്, ഇരട്ടയാർ - ചേലക്കൽ കവല - നാലുമുക്ക് റോഡ് എന്നിവ വഴിയാണ് നിലവിൽ വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.