ഉപ്പുതറ കൊലപാതകം; ജനീഷിൻ്റെ സംസ്കാരം നടത്തി, പ്രതികൾ റിമാൻഡിൽ

ഉപ്പുതറയിൽ അയൽവാസികളുടെ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട മാട്ടുതാവളം സ്വദേശി മുന്തിരിങ്ങാട്ട് ജനീഷിന്റെ ശവസംസ്കാരം നടന്നു.കേസിലെ പ്രതികളായ പൂക്കൊമ്പിൽ എത്സമ്മ, മകൻ ബിബിൻ, എന്നിവരെ കോടതി റിമാൻഡ് ചെയ്തു. പ്രതികളായ എത്സമ്മയെ കോട്ടയം വനിത ജയിലിലും ബിബിനെ പീരുമേട് സബ് ജയിലുമാണ് റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് ജിനേഷിനെ പ്രതികൾ മർദ്ദിച്ച് അവശനാക്കിയത്.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ജിനേഷ് മരിച്ചത്. എൽസമ്മയുടെ വീടിൻ്റെ ചില്ല് പൊട്ടിച്ചുവെന്നാരോപിച്ചാണ് മർദിച്ചത്. മർദനത്തിൽ ബോധരഹിതനായ ജനീഷിനെ ഉപേഷിച്ച് ഇരുവരും കടന്ന് കളഞ്ഞു. ഇതിന് ശേഷം ജനീഷിൻ്റെ പേരിൽ ഉപ്പുതറ പോലീസിൽ പരാതി നൽകി. 11 മണിക്ക് ശേഷം കലോത്സവത്തിൻ്റെ പിരിവെനെത്തിയ അഡ്വ. അരുൺ പൊടിപാറയും സംഘവുമാണ് ഇയാൾ ബോധരഹിതനായി കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ വെള്ളം മുഖത്ത് തളിച്ചപ്പോൾ ജീവൻ ഉണ്ടന്ന് മനസിലായി. തുടർന്ന് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെ വിളിച്ച് വരുത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് അയച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചത്. ഉപ്പുതറ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.
വിവരം അറിഞ്ഞയുടൻ പ്രതികൾ ഒളിവിൽ പോയി. പോലീസ് എത്സമ്മയുടെ ഭർത്താവിനെയും മൂത്ത മകനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് അഡ്വ. ജയിംസ് കാപ്പൻ മുഖാന്തിരം പ്രതികൾ ഉപ്പുതറ പോലീസ് സ്റ്റേഷനിൽ ഹാജരായി. അയൽ വാസിയായ മങ്ങാട്ട്ശേരിൽ രതീഷിൻ്റെ പറമ്പിൽ പണിയെടുക്കുന്നതിനിടെ കാപ്പി കുടിക്കാൻ കയറിയതായിരുന്നു ജനീഷ് . പ്രതിയെന്നാരോപിക്കുന്നവരുടെ വീട്ടിലെത്തി ജനീഷ് ബഹളം വയ്ക്കുകയും ജനൽ ചില്ല് തകർക്കുകയു ചെയ്തു.
ഈ സമയം എൽസമ്മ ഒറ്റക്കായിരുന്നു. എത്സമ്മ മകനെ വിളിച്ച് വരുത്തി ജനീഷിൻ്റ വീട്ടിലെത്തി മർദ്ദിച്ച് അവശനാക്കിയെന്നാണ് പോലീസ് കേസ് . പീരുമേട് ഡിവൈ എസ്പി വിശാൽ ജോൺസണ്ണിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി രാത്രി 8 മണിയോടെ ജിനീഷിൻ്റെ മൃതശരീരം മാട്ടുതാവളം മരിയ ഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.
തുടരന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനായി തിങ്കളാഴ്ച പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇതിനിടെ ഫോറൻസിക് പരിശോധന പൂർത്തിയാക്കുകയും ചെയ്തു.