ഇഎസ്എയിൽ നിന്നും 1300 ചതുരശ്ര കിലോമീറ്റർ കുറയ്ക്കണമെന്ന് ശുപാർശ ചെയ്തതായി ജില്ലാ ഭരണകൂടം
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 5 ന് ഇടുക്കി കലക്ടറേറ്റിൽ അവലോകനയോഗം ചേരുകയും . ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ട് പ്രകാരമുള്ള ഇഎസ്എയിൽ നിന്നും 1300 ചതുരശ്ര കിലോമീറ്റർ കുറയ്ക്കണമെന്ന് ശുപാർശ ചെയ്തതായും ജില്ലാ ഭരണകൂടം യോഗത്തിൽ അറിയിച്ചു. ഇഎസ്എയിൽ ഉൾപ്പെട്ടിരുന്ന 47 വില്ലേജുകളിൽ 19 വില്ലേജുകളെ ഒഴിവാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
എന്നാൽ ഇഎസ്എ റിപ്പോർട്ടിലെ നിലവിലുള്ള പിഴവുകൾ ചൂണ്ടികാട്ടി പരിഹരിക്കാൻ തയാറായിട്ടില്ല എന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.20 ശതമാനത്തിൽ താഴെ വനഭൂമിയുള്ള വില്ലേജുകൾ ഒഴിവാക്കപ്പെടണമെന്ന കസ്തൂരിരംഗൻ നിർദേശവും ഒരു ചതുരശ്ര കിലോമീറ്ററിൽ നൂറിലധികം ജനസംഖ്യ വരുന്ന വില്ലേജുകൾ ഒഴിവാക്കണമെന്ന് നിർദേശവും നിലവിലുള്ള റിപ്പോർട്ടിൽ പാലിക്കപ്പെട്ടിട്ടില്ല.
സംരക്ഷിത വനങ്ങളും റിസർവ് വനങ്ങളും മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.ഇത് പ്രകാരം സംസ്ഥാനത്ത് 7126 ചതുരശ്ര കിലോമീറ്റർ മാത്രമാണ് 98 വില്ലേജുകളിൽ വനമായിട്ടുള്ളത്.ഈ വസ്തുത മറച്ചുവച്ചു കൊണ്ട് 1600 ചതുരശ്ര കിലോമീറ്റർ അധികമായാണ് ഇപ്പോൾ പരിഗണനക്കായി എടുക്കുന്ന പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അതിജീവന പോരാട്ട വേദി ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിക്കുന്നു.
നിലവിലെ റിപ്പോർട്ട് അനുസരിച്ചു 4 ലക്ഷം ഏക്കർ വനല്ലാത്ത ഭൂമി ഇഎസ്എയിൽ ഉൾപ്പെടുന്നു. ഒരിഞ്ചു ഭൂമി പോലും വനമില്ലാത്ത വെള്ളത്തൂവൽ വില്ലേജിൽ 250 ഏക്കറോളമാണ് വനഭൂമിയായി കാണിച്ചിരിക്കുന്നത് കേവലം 20 ചതുരശ്ര കിലോമീറ്റർ താഴെ മാത്രം വന വിജ്ഞാപനം ചെയ്യപ്പെട്ട വട്ടവടയിൽ 50 ചതുരശ്ര കിലോമീറ്റർ വനമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ പരിശോധിക്കപ്പെടുമ്പോൾ വ്യാപകമായ പിഴവുള്ള ഒരു റിപ്പോർട്ടാണ് തയാറാക്കിയിരിക്കുന്നത്.
ഇഎസ്എ പ്രദേശമായി ഉൾപ്പെടാൻ പോകുന്ന വില്ലേജുകൾക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ മറ്റ് 5 സംസ്ഥാനങ്ങളും ഈ റിപ്പോർട്ടിനെ തള്ളി കൊണ്ടുള്ള നിലപാടാണ് എടുത്തിട്ടുള്ളത്.ഏകദേശം 10000 കിലോമീറ്റർ വനവുമായി അതിർത്തി പങ്കിടുന്ന 98 ഇഎസ്എ വില്ലേജുകളിൽ കേവലം 200 ൽ താഴെ ജിയോ കോർഡിനേറ്റ്സ് ഉറപ്പാക്കി അളവ് കണ്ടെത്തി എന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ അവകാശപ്പെടുന്നത്. പഴയകാല സർവേക്കല്ലിനു പകരമായി ഉപയോഗിക്കപ്പെടുന്ന ജിയോ കോർഡിനേറ്റ്സ് ഓരോ 10 മീറ്ററിന് പോലും ആവശ്യമാണെന്നിരിക്കെ 50 കിലോമീറ്ററിന് ഒരു ജിയോ കോർഡിനേറ്റ്സ് എന്ന നിലപാട് എങ്ങനെയാണ് ശാസ്ത്രീയമാവുക എന്നതും ദുരൂഹതയാണ്.