വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിൽ വ്യാഴാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ ധർണ്ണ നടത്തും

കട്ടപ്പന നഗരത്തിന്റെ വിവിധ പാതയോരങ്ങളിൽ വഴിയോര കച്ചവടം വ്യാപകമാകുകയാണ്. ടൗണിലെ വ്യാപാരികളെ പ്രതിസന്ധിയിൽ ആക്കുന്ന രീതിയിലാണ് കച്ചവടങ്ങൾ നടക്കുന്നത്. മുൻപ് വഴിയോര കച്ചവടം വർദ്ധിച്ചപ്പോൾ,നഗരസഭയുടെ നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് ഗുരുതര അവസ്ഥയുണ്ടായി. തുടർന്ന് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങളാണ് നഗരസഭയിൽ സമർപ്പിച്ചത്.
തുടർനടപടിയായി വഴിയോരക്കച്ചവടം നഗരത്തിൽ പൂർണമായി നിരോധിച്ചു എന്ന് ഉറപ്പുനൽകി സമതിക്ക് നഗരസഭ കത്തും നൽകി. എന്നാൽ ഞായറാഴ്ച ദിവസങ്ങളിൽ അടക്കം ടൗണിൽ വ്യാപകമായ വഴിയോരക്കച്ചവടമാണ് ഇപ്പോൾ കാണാനാകുന്നത്. കൂടാതെ വഴിയോര കച്ചവടം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കേണ്ട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സ്ക്വാഡ് പരിശോധനയും കാര്യക്ഷമമല്ല. ഈ അവസ്ഥ ടൗണിലെ വ്യാപാരികളെ അടച്ചുപൂട്ടൽ നിലയിലേക്ക് എത്തിക്കുകയാണ്.
ഇതോടെ ഒക്ടോബർ പത്താം തീയതി 11 മണിക്ക് നഗരസഭയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വ്യാപാരി വ്യവസായി സമിതി എന്ന് ജില്ല വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു.വസ്ത്രങ്ങൾ, ചെരുപ്പുകൾ, മറ്റ് സാനിറ്ററി വസ്തുക്കൾ , ഭക്ഷ്യവസ്തുക്കൾ തുടങ്ങി വിവിധയിനം സാധനങ്ങൾ ആണ് വഴിയോര കച്ചവടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറിയ കച്ചവടങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്നതുമാണ്.
ഗുണമേന്മ ഇല്ലാത്ത വസ്തുക്കൾ അടക്കം അനധികൃതമായി വിൽപ്പന നടത്തുന്നതോടെ ടൗണിലെ വ്യാപാരികളും പ്രതിസന്ധിയിലാകുന്നു.തെരുവോര കച്ചവടത്തിന്റെ മറവിൽ ലഹരി കച്ചവടങ്ങൾ നടക്കുന്നതായും സൂചനകൾ ഉണ്ട്. നഗരത്തിലെ വ്യാപാരികളെ പ്രതിസന്ധിയിൽ ആക്കുന്ന വഴിയോരക്കച്ചവടങ്ങൾ പരിപൂർണ്ണമായി നിരോധിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കുവാനാണ് വ്യാപാരി വ്യവസായി സമിതിയുടെ തീരുമാനം.