അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനത്തിന് സമീപം മാലിന്യ ശേഖരണ, സംസ്‌ക്കരണ കേന്ദ്രം കൊണ്ടുവരാനുള്ള പഞ്ചായത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബി ജെ പി രംഗത്ത്
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ശാന്തി കവാടമെന്ന പേരില്‍ അടിമാലി ഗ്രാമപഞ്ചായത്ത് കൂമ്പന്‍പാറയില്‍ പൊതുശ്മശാനം തുറന്നത്.അടിമാലിയില്‍ നിന്നുമാത്രമല്ല സമീപ മേഖലകളില്‍ നിന്നുള്ള ആളുകളും സംസ്‌ക്കര ചടങ്ങുകള്‍ക്കായി ഈ പൊതു ശ്മശാനത്തെ ആശ്രയിക്കുന്നുണ്ട്.ഈ ഒരു സാഹചര്യം നില നില്‍ക്കെ പൊതുശ്മശാനത്തിന് സമീപം മാലിന്യ ശേഖരണ, സംസ്‌ക്കരണ കേന്ദ്രം കൊണ്ടു വരാന്‍ പഞ്ചായത്ത് നീക്കം നടത്തുന്നുവെന്നും പഞ്ചായത്തിന്റെ ഈ നീക്കം ഉപേക്ഷിക്കണമെന്നുമാണ് ബി ജെ പിയുടെ ആവശ്യം.
സാധാരണക്കാരുടെ ആശ്രയമായ പൊതുശമ്ശാന പരിസരം മാലിന്യം നിക്ഷേപിക്കാനുള്ള ഇടമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബി ജെ പി അടിമാലി മണ്ഡലം പ്രസിഡന്റ് മനോജ് കുമാര്‍ പറഞ്ഞു.നിലവില്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപമാണ് പഞ്ചായത്തിന്റെ മാലിന്യ ശേഖരണ സംസ്‌ക്കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ഇവിടെ വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യമടക്കം കുമിഞ്ഞ് കിടപ്പുണ്ട്.പൊതു ശ്മശാനത്തിന് സമീപവും ഇത്തരമൊരു സാഹചര്യത്തിന് വഴിയൊരുക്കാന്‍ അനുവദിക്കില്ലെന്നാണ് ബി ജെ പി അടിമാലി മണ്ഡലം കമ്മിറ്റിയുടെ നിലപാട്.വിഷയത്തില്‍ ബി ജെ പി പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.




