രാജാക്കാട് സാമൂഹികാരോഗ്യാ കേന്ദ്രത്തിലെ വനിതാ വാർഡിന്റെ നിർമ്മാണോദ്ഘാടനത്തിൽ വിവാദം

ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് നിരന്തരം പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെ മന്ത്രിയുടെ പരിപാടി മാറ്റിയത് വിവാദങ്ങളൊഴിവാക്കാനാണെന്നാണ് സൂചന.മന്ത്രിമാർ തമ്മിക്കുള്ള തർക്കമാണ് ഉത്‌ഘാടനം മാറ്റിയത് എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു .
38 വർഷം മുൻപ് രാജാക്കാട് മുല്ലക്കാനത്ത് പ്രവർത്തനമാരംഭിച്ച ഈ ഗവ.ആശുപത്രിയുടെ ബാലാരിഷ്ടതകൾ ഇതുവരെ മാറിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും വിദഗ്ധ ചികിത്സയും, കിടത്തി ചികിത്സയുമില്ലാത്ത സർക്കാർ ആശുപത്രിയാണിത്. വെള്ളമില്ലെന്ന കാരണം പറഞ്ഞാണ് കിടത്തി ചികിത്സ നിർത്തിയത്. പോളി ക്ലിനിക്കും എക്സ്-റേ ലാബും പ്രവർത്തനമാരംഭിച്ചെങ്കിലും പിന്നീട് അതും നിർത്തി. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് കിടത്തി ചികിത്സ നിർത്താൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
സാമൂഹികാരോഗ്യാ കേന്ദ്രമായി അപ്ഗ്രേഡ് ചെയ്തെങ്കിലും പ്രാഥമികാരോഗ്യാ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേൺ ആണ് ഇവിടെ ഇപ്പോഴുമുള്ളത്. 2 ഡോക്ടർമാർ മാത്രമാണ് ഇവിടെ സ്ഥിരമായുള്ളത്. സമീപകാലത്ത് ബ്ലോക്ക് പഞ്ചായത്ത് ഒരു താൽക്കാലിക ഡോക്ടറെയും എൻആർഎച്ച്എം വിഭാഗത്തിൽ ഒരു ഡോക്ടറെയും നിയമിച്ചിട്ടുണ്ട്. എന്നാൽ കിടത്തി ചികിത്സയും വിദഗ്ധ ചികിത്സയും ആരംഭിക്കുന്നതിന് കൂടുതൽ സ്ഥിരം ഡോക്ടർമാരെയും നഴ്സിംങ് സ്റ്റാഫുകളെയും നിയമിക്കണം.
നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുമ്പോൾ മുല്ലക്കാനത്തെ സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുമെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇക്കൂട്ടർ തങ്ങളുടെ വാഗ്ദാനവും മറന്നു.