ഇടുക്കി മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലും കാട്ടാന ആക്രമണം
മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു.മഴക്കാലമെത്തിയിട്ടും ആനകള്‍ തീറ്റതേടി ജനവാസ മേഖലകളില്‍ ഇറങ്ങുന്നതാണ് പ്രതിസന്ധിയായിട്ടുള്ളത്.മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ ഇന്നലെ പുലര്‍ച്ചെ കാട്ടാന ആക്രമണം ഉണ്ടായി.വീടിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വീടിന്റെ ജനാല തകര്‍ന്നു.ഫീല്‍ഡ് ഓഫീസര്‍ സുരേഷിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ നാലരയോടെ ആക്രമണം ഉണ്ടായത്.
തുടര്‍ന്ന് പ്രദേശവാസികള്‍ ബഹളമുണ്ടാക്കി ആനകളെ തുരത്തി.കഴിഞ്ഞ ദിവസം ചൊക്കനാട് എസ്റ്റേറ്റ് ആശുപത്രിയുടെ ഭാഗമായി ഉണ്ടായിരുന്ന അടുക്കള പൂര്‍ണ്ണമായി കാട്ടാന തകര്‍ത്തിരുന്നു.ചൊക്കനാട് മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുള്ളത് ആളുകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.രാത്രികാലത്ത് കുടുംബങ്ങളിപ്പോള്‍ ഭീതിയോടെയാണ് കഴിഞ്ഞ് കൂടുന്നത്.




