സ്വർണ്ണ ഇടപാടിൽ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു

സ്വർണ്ണം വിൽക്കാനുണ്ടെന്ന വ്യാജേന കൊച്ചിയിൽ നിന്നും ഇടപാടുകരെ കട്ടപ്പനയിൽ വിളിച്ചു വരുത്തി കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി കാഞ്ഞിരപ്പള്ളി,ചേനപ്പാടി പുതുപ്പറമ്പിൽ, ഷെരീഫ് കാസിമിനെ ( 46 ) യാണ്സി കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത് . കള്ളനോട്ട് കേസ് ഉൾപ്പെടെ നിരവധി തട്ടിപ്പു കേസുകൾ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലുണ്ട്.
നാലു മാസങ്ങൾക്ക് മുൻപ് ആണ് കേസിനാസ്പതമായ സംഭവം. സ്വർണ്ണം വിൽക്കാനുണ്ട് എന്ന് പറഞ്ഞു കൊച്ചി സ്വദേശികളായ ഇടപാടുകാരെ പ്രതി കട്ടപ്പനയിലേക്ക് വിളിച്ചു വരുത്തിയ ശേഷം പണം വാങ്ങി കബളിപ്പിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് പണം നഷ്ട്ടപെട്ടവർ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു.
ആ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് അന്വേഷണം നടത്തുന്നതറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു . മാസങ്ങൾക്ക് ശേഷം പ്രതിയെ സംബന്ധിച്ച് പോലീസിന് ചില രഹസ്യ വിവരങ്ങൾ ലഭിച്ചു.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന സി.ഐ. ടി.സി.മുരുകൻ, എസ്.ഐ. എബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതി അറസ്റ്റിലായത് . പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് അയച്ചു.