സി.എച്ച്.ആർ വിഷയത്തിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക് കത്തുനൽകി ഡീൻ കുര്യാക്കോസ് എം.പി
സി.എച്ച്.ആർ വിഷയത്തിൽ വനം വകുപ്പിൻ്റേയും , വൺ എർത്ത് വൺ ലൈഫ് എന്ന കപട പരിസ്ഥിതി സംഘടനയുകയും വാദങ്ങൾ തള്ളുന്നതിനാവശ്യമായ തീരുമാനം കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എം.പി കത്തുനൽകിയത്. സി.ഇ.സി അംഗം ചന്ദ്രപ്രകാശ് ഗോയൽ വഴിയാണ് എം.പി കത്തുനൽകിയത്.
പതിറ്റാണ്ടുകളായി കർഷകർ അധിവസിക്കുന്ന പ്രദേശത്ത് നിന്നും കുടിയിറക്കാൻ ശ്രമിക്കുന്നത് ശരിയല്ല.രാജഭരണ കാലഘട്ടം മുതൽ 15720 ഏക്കർ ഭൂമി മാത്രമാണ് ഏലമലക്കാടുകളായി പതിച്ചു നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിക്ഷിപ്തമാണ്. വനം വകുപ്പിന് മരങ്ങളുടെ മേലുള്ള നിയന്ത്രണം മാത്രമാണുള്ളത്.
നിരവധി മേഖലകളിൽ പട്ടയവും വിതരണം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ വസ്തുത മറച്ചുവച്ച് കർഷക ജനതക്ക് എതിരായ നിലപാട് സ്വീകരിക്കുന്നത് സ്വീകാര്യമല്ലെന്നും സി.ഇ.സി ഇക്കാര്യത്തിൽ കുടിയേറ്റ ജനതയെ സംരക്ഷിക്കുന്നതിനുള്ള ന്യായമായ തീരുമാനം സ്വീകരിക്കണമെന്നും എം.പി കത്തിൽ ആവശ്യമുന്നയിച്ചു.