കൊന്നത്തടിയിൽ റേഷൻകട ജീവനക്കാരന് മർദനം: ഇടുക്കി താലൂക്കിൽ വ്യാപാരികളുടെ ഹർത്താൽ

കൊന്നത്തടിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയിലെ സെയിൽസ്മാനാണ് ഉത്രാട ദിനത്തില്‍ മർദ്ദനമേറ്റത്.കൊന്നത്തടി കുഴിയറക്കുളങ്ങര അജയകുമാറിനാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഇടുക്കി താലൂക്കില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ഹര്‍ത്താല്‍ നടത്തി. മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രമാണ് ഓണക്കാലത്ത് സൗജന്യ കിറ്റ് അനുവദിച്ചിട്ടുള്ളത്.
പിങ്ക് കാര്‍ഡുടമയായ കൊന്നത്തടി നിരപ്പേല്‍ രതീഷ് എന്നയാള്‍ റേഷന്‍കടയിലെത്തി കിറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രമേ കിറ്റ് അനുവദിച്ചിട്ടുള്ളൂവെന്ന് അറിയിച്ചപ്പോള്‍ ഇയാള്‍ അജയകുമാറിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തു. മര്‍ദിച്ചയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും റേഷന്‍ വ്യാപാരികള്‍ക്ക് നിര്‍ഭയം ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സണ്ണി സേവ്യര്‍, ജിജോ കക്കാട്ട്, പ്രദീപ് വി എന്നിവര്‍ പങ്കെടുത്തു.