കോടികൾ മുടക്കി നിർമ്മിച്ച തോപ്രാംകുടി ബസ് സ്റ്റാൻഡ് പ്രവർത്തന മില്ലാതെ നശിക്കുന്നു

കോടികൾ മുടക്കി നിർമ്മിച്ച തോപ്രാംകുടി ബസ് നശിക്കുന്നു. ബസ്റ്റാൻ്റിനായി നിർമ്മിച്ച കെട്ടിടവും, ടോയ്ലറ്റ് സംവിധാനവും ഉൾപ്പെടെ നശിക്കുമ്പോൾ ചുമതലക്കാരായ വാത്തിക്കുടി ഗ്രാമപഞ്ചായത്തും തിരിഞ്ഞു നോക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.
തോപ്രാംകുടി ടൗണിലെ ഗതാഗത തടസ്സം നീക്കുന്നതിനായി 2010 മുതലാണ് ബസ്റ്റാൻ്റിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ഇരിപ്പിടവും ചെറിയൊരു ടോയ്‌ലറ്റും നിർമ്മിച്ചു. പിന്നീട് 2017 ൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ നീക്കിവെച്ച് ബസ്റ്റാൻഡ് ടെർമിനൽ കൂടി നിർമ്മിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നൊരു ദിവസം മാത്രം ഒരു ബസ് കയറിയതല്ലാതെ തുടർന്നിങ്ങോട്ട് വാഹനം ഒന്നും ബസ്റ്റാൻ്റിൽ കയറിയിട്ടില്ല.
ബസ്റ്റാൻറിൻറെ സ്ഥലം ഉൾപ്പെടെയുള്ളവയുടെ കണക്കെടുത്താൽ കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുവകകളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ടൗണിൽ ആളുകളെ ഇറക്കിയശേഷം ബസുകൾ ഇവിടെ പാർക്ക് ചെയ്താൽ ടൗണിലെ ഗതാഗത തടസ്സം നീക്കാനാവും. എന്നാൽ ഇതിനാവശ്യമായ ഇടപെടൽ നടത്തുവാൻ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാവുന്നില്ല.എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ച് ഒരു ഹൈമാസ്റ്റ് ലൈറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഇതുകൂടി തകരാറായത് രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധർക്ക് കൂടുതൽ സൗകര്യമായി. പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കാതായതോടെ ബസ് സ്റ്റാൻ്റും പരിസരവും കാടുകയറി. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള അധികൃതരുടെ അശ്രദ്ധകൊണ്ട് മാത്രം കോടികൾ മുടക്കി നിർമ്മിച്ച തോപ്രാംകുടി ബസ് സ്റ്റാൻഡ് പരിസരവും ഉപയോഗമില്ലാതെ നശിക്കുമ്പോൾ ബന്ധപ്പെട്ട അധികൃതർക്കെതിരെ നാട്ടിൽ പ്രതിഷേധവും ശക്തമാവുകയാണ്.