ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടിയിലെ പൊതു മാർക്കറ്റ് കെട്ടിടത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ പ്രധാന ടൗൺ ആയ തോപ്രാംകുടിയിൽ മുൻപ് പല സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്ന പൊതു മാർക്കറ്റിന്റെ ഇപ്പോഴത്തെ സ്ഥിതിയാണിത്. കൺസ്യൂമർ ഫെഡിൻ്റെ നന്മ സ്റ്റോർ ഉൾപ്പെടെ പല സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. കൂടാതെ ടൗണിലെ ഏക പൊതു ശൗചാലയവും സ്ഥിതി ചെയ്യുന്നത് ഈ മാർക്കറ്റിന് സമീപത്താണ്.
എന്നാൽ ഇവിടെ ഇപ്പോൾ സ്ഥാപനങ്ങളൊന്നുമില്ല. മാർക്കറ്റും പരിസരവും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. ടൗണിലെ മുഴുവൻ മാലിന്യങ്ങളും കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് തോപ്രാംകുടിയുടെ ഹൃദയഭാഗത്ത് തന്നെയുള്ള ഈ മാർക്കറ്റിലാണ്.മുൻപ് പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ സംസ്കരണ യൂണിറ്റ് അശ്രദ്ധമായി ഉപയോഗിച്ചിനെ തുടർന്ന് നശിച്ചുപോയി.
ഹരിത കർമ്മ സേനയുടെ പേരിൽ പലയിടങ്ങളിൽ നിന്നായി ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിൽ കെട്ടി സൂക്ഷിക്കുവാൻ മാത്രമാണ് ടൗണിലെ മാർക്കറ്റ് ഉപയോഗിക്കുന്നത്.ടൗണിൽ ആകെയുള്ള ഒരു പൊതു ശൗചാലയം സ്ഥിതി ചെയ്യുന്നതും ഈ മാർക്കറ്റിനുള്ളിലാണ് . അധികൃതർ തിരിഞ്ഞു നോക്കാതായതോടെ മാർക്കറ്റും പരിസരവും കാടുകയറി നശിച്ചു . ഇതോടെ ശൗചാലയവും ഉപയോഗ ശൂന്യമായി മാറി. രാപകൽ വ്യത്യാസമില്ലാതെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായും മാറി.
നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഈ കെട്ടിടവും പരിസരവും ഉപയോഗിക്കാമെങ്കിലും പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രം ഇവയെല്ലാം നശിക്കുകയാണ്. പൊതുമുതൽ എപ്രകാരം നശിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി പൊതുമാർക്കറ്റിൽ നിന്നും കാണാനാവുന്നത്.