വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന കര്‍ഷകരുടെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു

Sep 6, 2024 - 10:36
 0
വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന കര്‍ഷകരുടെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു
This is the title of the web page

കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം ലഭ്യമാക്കി വനംവകുപ്പിന്റെ നിയന്ത്രണത്തില്‍ നിന്ന്‌ കൃഷിഭൂമി ഒഴിവാക്കണം എന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കര്‍ഷകര്‍ നല്‍കിയ പരാതികളില്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം നടപടികള്‍ ആരംഭിച്ചതായി കര്‍ഷക സംഘടന നേതാക്കള്‍ കട്ടപ്പനയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1980ലെ കേന്ദ്ര വനസംരക്ഷണ നിയമത്തില്‍ 2023 പാര്‍ലമെന്‍റ്‌ ഭേദഗതി നിയമം പാസാക്കുകയുണ്ടായി.ഭേദഗതി അനുസരിച്ച്‌ 1996 ഡിസംബര്‍ 12ന്‌ മുമ്പ്‌ വനഭൂമിയില്‍ കൃഷിയും കച്ചവടവും അടക്കം വനേതര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി ഏതെങ്കിലും വകുപ്പിന്റെ രേഖകള്‍ കൊണ്ട്‌ തെളിയുകയാണ്‌ എങ്കില്‍ ആ ഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ പെടുകയില്ല എന്ന്‌ വ്യവസ്ഥ ചെയ്‌തിരുന്നു.

 ഇതടക്കം ഭേദഗതികളെ ചോദ്യം ചെയ്‌തു കൊണ്ട്‌ റിട്ടയര്‍ ചെയ്‌ത ഒരു സംഘം ഫോറസ്‌റ്റ്‌ ഉദ്യോഗസ്‌ഥന്മാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്‌. ഇതിന്റെ കൂടി ഭാഗമായി രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും ഭേദഗതി ആനുകൂല്യം ലഭിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.ഇതിനായി കേരളത്തില്‍ പ്രിന്‍സിപ്പല്‍ സി സി എഫ്‌ ചെയര്‍മാനും ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ കോ ചെയര്‍മാനുമായി സമിതി രൂപീകരിച്ചുകൊണ്ട്‌ മെയ്‌ 16ന്‌ ഉത്തരവ്‌ ഇറക്കി.

ഈ സമിതിക്കും കേന്ദ്ര വനം വകുപ്പ്‌ മന്ത്രി ഭൂപേന്ദ്ര യാദവിനും ഇടുക്കി ജില്ലയില്‍ നിന്നും നൂറുകണക്കിന്‌ കര്‍ഷകര്‍ പരാതികള്‍ സമര്‍പ്പിച്ചിരുന്നു.1996 ഡിസംബര്‍ 12ന്‌ മുമ്പ്‌ ഏലം കാപ്പി കുരുമുളക്‌ തുടങ്ങിയ വിളകള്‍ കൃഷി ചെയ്‌തിരുന്നതിന്റെ വിവിധ വകുപ്പുകളിലെ രേഖകള്‍ സഹിതം ആണ്‌ അപേക്ഷകള്‍ നല്‍കിയത്‌.

സംസ്ഥാനത്ത്‌ രൂപീകരിച്ച സമിതിയില്‍ നിന്നും പ്രതികരണം ഒന്നും കര്‍ഷകര്‍ക്ക്‌ ലഭിച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര വനം മന്ത്രാലയം ഓരോ കര്‍ഷകന്റെയും അപേക്ഷയില്‍ ഫയല്‍ ഉണ്ടാക്കുകയും അതിന്റെ അടിസ്‌ഥാനത്തില്‍ സംസ്ഥാനത്തെ സമിതിയുടെ ചെയര്‍മാനായ പ്രിന്‍സിപ്പല്‍ സിസിഎഫിന്‌ അപേക്ഷകളില്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ ആവശ്യപ്പെട്ടു ഉത്തരവ്‌ നല്‍കിയിട്ടുണ്ട്‌.തീരുമാനം കര്‍ഷകരെയും അറിയിക്കണമെന്ന്‌ ഉത്തരവില്‍ പറയുന്നു.ഇതിന്‍റെ കോപ്പി കര്‍ഷകര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

സംസ്‌ഥാനത്ത്‌ രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല.സമിതി ഇല്ല എന്ന മറുപടിയാണ്‌ നിയമസഭയില്‍ ജൂണ്‍ മാസത്തില്‍ ഇത്‌ സംബന്ധിച്ച ചോദ്യത്തിന്‌ വനംമന്ത്രി നല്‍കിയിട്ടുള്ളത്‌.മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ ജോസ്‌ കെ മാണിയും ഫ്രാന്‍സിസ്‌ ജോര്‍ജും ഈ വിഷയങ്ങള്‍ സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ എംപിമാരുടെ യോഗത്തിന്റെ പത്രക്കുറിപ്പില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ല.

ചുരുക്കത്തില്‍ നിയമ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കേണ്ട ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ ഇങ്ങനെയൊരു കാര്യം പോലും അറിഞ്ഞിട്ടില്ല.ഇടുക്കി ജില്ലയില്‍ ചിലയിടങ്ങളില്‍ മാത്രമാണ്‌ കര്‍ഷകര്‍ ഇതേപ്പറ്റി കാര്യങ്ങള്‍ മനസ്സിലാക്കി രേഖകളോടെ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്‌.സെപ്‌റ്റംബര്‍ മാസത്തോടെ സമിതിയുടെ കാലാവധി തീരും.ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ഒക്ടോബര്‍ 24ന്‌ കേന്ദ്രസര്‍ക്കാരിന്‌ റിപ്പോര്‍ട്ടു നല്‍കും. ഇതിന്‍റെ കോപ്പി സുപ്രീം കോടതിയിലും സമര്‍പ്പിക്കപ്പെടും.ഈ നടപടികളില്‍ ഉള്‍പ്പെടാത്തവര്‍ ഭൂമി അവകാശങ്ങള്‍ നഷ്ടപ്പെട്ടവരായി മാറിത്തീരും.

സംസ്‌ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിവരം പഞ്ചായത്ത്‌ കൃഷി വകുപ്പുകള്‍ മുഖേന മുഴുവന്‍ കര്‍ഷകരെയും അറിയിക്കുകയും സമിതിയുടെ കാലാവധി നീട്ടി വാങ്ങുകയും ചെയ്യണമെന്ന്‌ കര്‍ഷക സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു.ഇടുക്കി ജില്ലയില്‍ തന്നെ ആയിരക്കണക്കിന്‌ കര്‍ഷകര്‍ ഈ വിധത്തില്‍ അപേക്ഷ നല്‍കുവാന്‍ ഇനിയും ബാക്കിയുണ്ട്‌.

അവരുടെ അപേക്ഷകള്‍ ഈ മാസത്തില്‍ തന്നെ നല്‍കുന്നതിന്‌ ശ്രമിക്കണമെന്ന്‌ സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു പത്രസമ്മേളനത്തില്‍ അഡ്വ.ഷൈന്‍ വർഗീസ് ,കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത്‌ അംഗം ഷാജിമോന്‍ വേലംപറമ്പില്‍, ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, പി.സി.വര്‍ഗീസ്‌ .ബാബു പുളിമൂട്ടില്‍ , കെ.പി.ഫിലിപ്പ്‌, റോയി ഇല്ലിക്കാമുറി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow