സ്വരാജ് കോഴിമല റോഡിലെ മാലിന്യ നിക്ഷേപം വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതർ
സ്വരാജ് -കോഴിമല റോഡിലാണ് മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്. കട്ടപ്പന കുട്ടിക്കാനം പാതയിൽ സ്വരാജിൽ നിന്നും കോഴിമലയ്ക്ക് തിരിയുന്ന ഭാഗത്താണ് മാലിന്യ നിക്ഷേപം വ്യാപകമാകുന്നത്. വനമേഖലയുടെ പരിസരത്തും സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലും പാദയോരങ്ങളിലുമാണ് മാലിന്യം കുമിഞ്ഞു കൂടിയിരിക്കുന്നത് . പ്രതിസന്ധി നാളുകളായി തുടർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണ് ഇവിടെ മാലിന്യം തള്ളുന്നത്. വീട്ടുമാലിന്യങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ, വീടുകളിൽ നിന്നുള്ള ഡയപ്പർ പോലുള്ള മാലിന്യ വസ്തുക്കളാണ് ഇവിടെ തള്ളുന്നവയിലേറെയും. മാലിന്യം പ്ലാസ്റ്റിക് കൂടുകളിലാക്കി വാഹനങ്ങളിലെത്തിച്ച് ഇവിടെ വലിച്ചെറിഞ്ഞ് രാത്രികാലങ്ങളിൽ ഇതുവഴി കടന്നു പോകുകയാണ് പതിവ്.
സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗം റോയി എവറസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വരാജിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ സ്ഥലത്തെത്തി പ്രതിഷേധം നടത്തി. തുടർന്ന് ഇവിടെ പരിശോധന നടത്തുകയും ഇവിടെ നിന്നും ലഭിച്ച ചില അഡ്രസ്സുകൾ പഞ്ചായത്ത് അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കർശനമായ നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ തുടർ സമരങ്ങൾ നടത്തുമെന്നും രാത്രികാലങ്ങളിൽ കാവൽ ഇരിക്കുമെന്നും നാട്ടുകാർ പറഞ്ഞു.