ചൊക്രമുടിയെ സംരക്ഷിക്കണം , ശക്തമായ നടപടി വേണം : കർഷകസംഘം. നേതാക്കൾ സ്ഥലം സന്ദർശിച്ചു

ഏറെ പരിസ്ഥിതി പ്രാധാന്യമുള്ളതും ജൈവവൈവിധ്യമേഖലയുമായ ചൊക്രമുടിയിലെ കൈയേറ്റത്തിനെതിരെ ശക്തമായ നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് കർഷകസംഘം നേതാക്കൾ ആവശ്യപ്പെട്ടു. കൈയേറ്റ പ്രദേശങ്ങളും കൈയേറ്റത്തിന്റേയും വ്യാപ്തി നേതാക്കൾ നേരിട്ട് കണ്ടു. ജില്ലാ സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യൻ, പ്രസിഡന്റ് എൻ വി ബേബി, എം ജെ മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ചൊക്രമുടി. പുൽമേടുകൾ നിറഞ്ഞ ഇവിടെ നീലക്കുറിഞ്ഞി, വരയാട്,കാട്ടുപോത്ത് ഉൾപ്പെടെ സസ്യ–-ജന്തു വൈവിധ്യ കലവറയാണ്. 2014ൽ കൂടുതലായി നീലക്കുറിഞ്ഞി പൂത്ത പ്രദേശങ്ങളിലൊന്ന് ചൊക്രമുടിയാണ്. താഴ് വാരത്ത് എസ്‌സി–-എസ്‌ടി കോളനികളുണ്ട്. 400 ഓളം കുടുംബങ്ങൾ താമസിക്കുന്നു. ചൊക്രമുടിയിൽ നിന്ന് വരുന്ന വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്. താഴ്‌വാരം ബൈസൺവാലി ടൗൺഷിപ്പും.
ചൊക്രമുടിയിൽ മണ്ണിടിച്ചിലുണ്ടായാൽ ഈ ജനങ്ങളെ മുഴുവൻ ബാധിക്കും. സിബി ജോസഫ്, സിനി ജോസഫ് എന്നിവർക്ക് വീടുവയ്‌ക്കാൻ ദേവികുളം തഹസിൽദാർ നിയമവിരുദ്ധമായി എൻഒസി കൊടുത്തു. ഇതിന്റെ മറവിൽ ഏക്കറുകണക്കിന് ഭൂമിയിൽ പുൽമേടുകൾ തകർത്തു. കാട്ടുമരങ്ങൾ ഉൾപ്പെടെ മുറിച്ചു. വനം ഉദ്യോഗസ്ഥരും കൂട്ടുനിന്നിട്ടുണ്ട്. ഏക്കറുകണക്കിന് ഭൂമി പ്ലോട്ടുകൾ തിരിച്ചിട്ടുണ്ട്. വൻകിട കൈയേറ്റമാണ് നടത്തിയിട്ടുള്ളത്.
തഹസിൽദാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, മരംവെട്ടാൻ കൂട്ടുനിന്ന മറ്റുള്ളവർ തുടങ്ങിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും കർഷകസംഘം നേതാക്കൾ ആവശ്യപ്പെട്ടു. എം പി പുഷ്‌പരാജൻ, പി രവി, എം എസ് രാജു എന്നിവരും ഒപ്പം ഉണ്ടായി.
ചൊക്രമുടിയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ജൈവസമ്പത്ത് സംരക്ഷിക്കണമെന്നും കൈയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സെപ്‌തംബർ മൂന്നിന് വൈകിട്ട് ബൈസൺവാലിയിൽ കർഷകരുടെ വമ്പിച്ച യോഗം ചേരും. സമഗ്രമായ അന്വേഷണം നടത്തണം. അഖിലേന്ത്യ കിസാൻ സഭ ദേശീയ സമിതിയംഗം എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി വി വർഗീസ് സംസാരിക്കും.