കല്യാണത്തണ്ടിൽ റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ എൽഡിഎഫ് നയ വിശദീകരണയോഗം സംഘടിപ്പിച്ചു

കഴിഞ്ഞ ആഗസ്റ്റ് 16നാണ് റവന്യു വകുപ്പ് കല്യാണത്തണ്ട് പുല്ലുമേട് ഭാഗത്ത് ഇത് സർക്കാർ വകഭൂമി എന്ന ബോർഡ് സ്ഥാപിക്കുന്നത്. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60 സർവേ നമ്പർ 19 ൽ ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റെവന്യൂ പുറമ്പോക്കുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത് . യുഡിഎഫിന്റെ കപട രാഷ്ട്രീയവും സ്വന്തം നേട്ടത്തിനായി അനാവശ്യമായി ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന ആശങ്കകളും തുറന്നു കാണിക്കുവാനാണ് എൽഡിഎഫ് നയ വിശദീകരണയോഗം കല്യാണത്തണ്ടിൽ സംഘടിപ്പിച്ചത്.
സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായി കല്യാണത്തണ്ടിൽ കയ്യേറ്റം നടന്നതായി പരാതി നൽകിയതും ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയതും കോൺഗ്രസുകാരാണ്.. ചില കോൺഗ്രസ് നേതാക്കൾ നടത്തിയ കയ്യേറ്റം മറക്കാനുള്ള വ്യാജ പ്രചരണമായിരുന്നു ഇത് . വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി റോഷി അഗസ്റ്റിൻ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
അതിനു മുകളിൽ പറയാൻ ജോയി വെട്ടികുഴിക്ക് അധികാരമില്ല. ഇടുക്കിയുടെ ചരിത്രം എടുത്താൽ കോൺഗ്രസുകാർ മാത്രമാണ് ജില്ലയിലെ ജനങ്ങളെ കയ്യേറ്റക്കാർ ആക്കിയിട്ടുള്ളത്. എൽ ഡി എഫ് സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും ആരെയും എവിടെനിന്നും കുടിയിറക്കുകയില്ല എന്നും സി വി വർഗീസ് പറഞ്ഞു .
യോഗത്തിൽ എൽഡിഎഫ് മുനിസിപ്പൽ കൺവീനർ വി ആർ ശശി അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, സിപിഐ എം ഏരിയ സെക്രട്ടറി വി ആർ സജി, എൽഡിഎഫ് നേതാക്കളായ ടോമി ജോർജ്, എം സി ബിജു, കെ പി സുമോദ്, ഷാജി കൂത്തോടിയിൽ, പി എം നിഷാമോൾ, ലിജോബി ബേബി, പി വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.