ഉപ്പുതറ ചപ്പാത്തിൽ കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഉപ്പുതറ ചപ്പാത്തിൽ കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവല്ല മുഴുവൻചിരട്ടയിൽ ജോമോനും കുടുംബവും സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. കട്ടപ്പനയിൽ വാടകക്ക് താമസിക്കുന്ന വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്. പുലർച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് ബന്ധുവിൻ്റെ വീട്ടിൽ മരണ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം.
ചപ്പാത്ത് കഴിഞ്ഞ ശേഷം കാർ വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ജോമോൻ്റെ മാതാപിതാക്കളും ഭാര്യയും മകളുമടക്കം 7 പേരായിരുന്നു കാറിലുണ്ടായിരുന്നത്. ആർക്കും പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്തംഗം ചപ്പാത്തിൽ വാടകക്ക് താമസിക്കുന്ന വീടിന് മുറ്റത്തേക്കാണ് കാർ വീണത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു. ഉടൻ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തി കമ്പി അഴിച്ച് മാറ്റുന്നതിന് ഇടയിൽ ഇതു വഴി വന്ന കെ എസ് ആർ ടി സി ബസിൻ്റെ ടയറിൽ കമ്പി കുരുങ്ങി പോസ്റ്റ് വീണ് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർന്നു.
അപകടം ഉണ്ടാക്കിയ ബസ് നിർത്താതെ പോവുകയും ചെയ്തു. ചപ്പാത്ത് മേഖലയിൽ മലയോര ഹൈവെ വികസനം വളരെ മന്ദഗതിയിലാണ് നടക്കുന്നത്. റോഡിന് സുരക്ഷയില്ലാത്തതിനാൽ നിരന്തരം ഇവിടെ അപകടവും ഉണ്ടാകുന്നുണ്ട്. മലയോര ഹൈവെ നിർമ്മാതാക്കളുടെ ഉദാസീനത കാരണം ജനങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുന്നത്.