സംസ്ഥാനത്തെ മികച്ച കർഷകന് കൃഷിവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ ആദരവ് നൽകി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2023 -24 വർഷത്തെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് സംസ്ഥാനത്തെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട വണ്ടൻമേട് ചെമ്പകശ്ശേരി സി.ഡി രവീന്ദ്രൻ നായരെ,കൃഷി അസിസ്റ്റൻ്റുമാരുടേയും, അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടേയും സംഘടനയായ കേരള അഗ്രികൾച്ചർ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ.ജിൻസ് കർഷകന് ഉപഹാരം നൽകി.
സമ്മിശ്ര കൃഷിയാണ് രവീന്ദ്രൻ നായർ അവലംബിക്കുന്നത്. സ്വന്തമായി പതിമൂന്ന് ഏക്കറും പാട്ടത്തിനെടുത്ത ഏഴ് ഏക്കർ ഉൾപ്പെടെ ഇരുപത് ഏക്കർ ഭൂമിയിലാണ് വിവിധ തരം വിളകളായ ഏലം, കാപ്പി, കുരുമുളക്, ജാതി, മരച്ചീനി, വാഴ, ചേന, ചേമ്പ്,പച്ചക്കറി കൃഷികളും ചെയ്തു വരുന്നത് . കൂടാതെ ആടുവളർത്തൽ, പശു ഫാം, മുട്ടക്കോഴി,മത്സ്യകൃഷി, തീറ്റപ്പുൽ കൃഷി തുടങ്ങിയവയും പരിപാലിച്ചു വരുന്നു.
അഞ്ചേക്കർ ഭൂമിയിൽ നെല്ലുല്പാദിച്ച് കുത്തരിയാക്കി പ്രാദേശിക വിപണിയിലൂടെ വിറ്റഴിക്കുന്നു. കാർഷികമേഖലയിലെ വിവിധങ്ങളായ കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി കർഷകനെ ആദരിച്ചത്.ജില്ലാ പ്രസിഡൻ്റ് എം.ആർ.രതീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.റ്റി.വിനോദ്, ഇ.പി.സാജു, കെ.എം.ബോബൻ എന്നിവർ സന്നിഹിതരായിരുന്നു.