ഏലപ്പാറ സർക്കാർ ആശുപത്രിക്ക് സമീപത്തെ പൊതു കുടിവെള്ള സ്രോതസ്സിൽ പെയിൻറ് കലർന്ന് കുടിവെള്ളം മലിനമായി.ഏലപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി

ഏലപ്പാറ ടൗണിന് സമീപം വർഷങ്ങൾക്കു മുമ്പ് കുടിവെള്ള ആവശ്യത്തിനായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ചതാണ് ഈ കിണർ .കടുത്ത വേനലിൽ പ്രദേശത്തെ വ്യാപാരികളും വിവിധ വീടുകളിലേക്കും ,ആശുപത്രി അധികൃതർ അടക്കം ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ കുടിവെള്ള സ്രോതസ്സിലാണ് പെയിൻറ് കലർന്നിരിക്കുന്നത് .
രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ വെള്ളത്തിലുണ്ടായ നിറമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് പെയിൻറ് പോലത്തെ വസ്തു വെള്ളത്തിൽ കലർന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആശുപത്രി അധികൃതർ ഏലപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കെട്ടിടത്തിൽ കഴിഞ്ഞദിവസം പെയിൻ്റിംഗ് ജോലി നടന്നിരുന്നു.
ഇതിനുശേഷം ബ്രഷും ,പെയിൻറ് അടിക്കാൻ ഉപയോഗിച്ച വസ്തുക്കളും കഴുകിയ വെള്ളമാണ് മണ്ണിനടിയിലൂടെ ഒഴുകിയെത്തി കിണറ്റിൽ കലർന്നത് എന്നാണ് പ്രാഥമിക നിഗമനം .സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഏലപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർ പീരുമേട് പോലീസിൽ പരാതി നൽകി.നിരവധി പേർ ഉപയോഗിക്കുന്ന ഈ കിണറിന് സുരക്ഷിതമായ ഒരു മൂടിയില്ല. കഴിഞ്ഞ നാളിൽ ഒരു പശുക്കിടാവ് ഈ കിണറ്റിൽ വീണിരുന്നു. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കിണറും, പരിസരവും ശുചീകരിച്ച് സുരക്ഷിതമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.