കുടുംബത്തിൽ അനർത്ഥങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു

കുടുംബത്തിൽ അനർത്ഥങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു.തേനി പെരിയകുളം സ്വദേശിയായ ഭൂപതിയെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ തോട്ടം മേഖലയിലെ ഒരു വീട്ടിൽ കയറിയാണ് ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടിയത്.ഇന്നലെ ഉച്ചക്കാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
അച്ഛനും അമ്മയും പുറത്തുപോയ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളെ കബളിപ്പിച്ചാണ് തമിഴ്നാട് പെരിയകുളം സ്വദേശിയായ ഭൂപതി മൂക്കുത്തി അടക്കം കൈവശപ്പെടുത്തിയത്.ഇയാൾ വീട്ടിൽ ചെന്ന് കുട്ടികളുടെ മുന്നിൽ മായാജാലം കാണിക്കുകയും തുടർന്ന് ഇവരുടെ മാതാപിതാക്കൾക്ക് ആപത്ത് വരാൻ പോകുന്നു എന്ന് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തു.തുടർന്ന് ഇതിനുള്ള പ്രതിവിധിക്കായി 4000 രൂപ ആവശ്യപ്പെട്ടു.
ഇത് കൊടുക്കാൻ ഇല്ലാത്തതിനാൽ ഇവരുടെ കൈയ്യിലെ ആഭരണങ്ങൾ വാങ്ങി ഇയാൾ കടന്നു കളയുകയായിരുന്നു. വീട്ടുകാർ സമീപവാസികളോട് ഇക്കാര്യം പറഞ്ഞപ്പോൾ ആണ് ഇത് തട്ടിപ്പ് ആണെന്ന് മനസ്സിലായത്. തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. പിന്നീട് വഴിയിൽ വച്ച് ഇയാളെ നാട്ടുകാർ പിടികൂടി തടഞ്ഞു വയ്ക്കുകയും പീരുമേട് പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു.
തുടർന്ന് പീരുമേട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമീപ നാളുകളായി പീരുമേട്ടിലെ തോട്ടംമേഖല കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഭാവി പ്രവചനം അടക്കം നടത്തുന്ന ആളുകൾ അന്യസംസ്ഥാനത്ത് നിന്ന് ഉൾപ്പെടെ എത്തുന്നുണ്ട്.