കട്ടപ്പനയിൽ വാഹനാപകടം; ബൈക്കും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്

കട്ടപ്പന ഇരട്ടയാർ റോഡിൽ കാർഷിക വികസന ബാങ്കിന് മുൻവശത്താണ് അപകടം നടന്നത്. കട്ടപ്പനയിൽ നിന്ന് ഇരട്ടയാർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികനായ കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും രാജാക്കാട് സ്വദേശിയുമായ ജസ്റ്റിന് സാരമായി പരിക്കേറ്റു.
കട്ടപ്പന കാർഷിക വികസന ബാങ്കിന് മുമ്പിലേക്ക് സ്കൂട്ടർ തിരിക്കുന്നതിനിടയിൽ ഇരട്ടയാർ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജസ്റ്റിനെ ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടം നടന്ന ഉടൻ ട്രാഫിക് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി.