വയനാട്ടിലെ സ്കൂൾ പുനരുദ്ധാരണത്തിനായി കട്ടപ്പന ഓസ്സനാം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ കപ്പയും മുളകും ചലഞ്ചിലൂടെ സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറി

സ്വാതന്ത്ര്യ ദിനത്തിലാണ് കട്ടപ്പന ഓസാനം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ വേറിട്ട മാതൃകയുമായി നഗരവീഥികളിൽ എത്തിയത്. വയനാട് ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിന്റെ പുനരുദ്ധാരണമായിരുന്നു വിദ്യാർത്ഥികളുടെ ലക്ഷ്യം. അതിനായി അവർ തിരഞ്ഞെടുത്തു കപ്പയും മുളകും ചലഞ്ച് ആയിരുന്നു.
പീ ടി എ അംഗങ്ങളുടെയും, അധ്യാപകരുടെയും സഹായത്തോടെ വിദ്യാർഥികൾ ഹൈറേഞ്ചിന്റെ നാടൻ ഭക്ഷണമായ കപ്പയും മുളകും പാചകം ചെയത് പാത്രങ്ങളിലാക്കി വിതരണം ചെയ്തു. ഇങ്ങനെ സമാഹരിച്ച ഒരു ലക്ഷം രൂപ വിദ്യാർഥികൾ ഇടുക്കി കളക്ടർ വി വിഗ്നേശ്വരിക്ക് കൈമാറി . വിദ്യാർത്ഥികളുടെ കഷ്ടപ്പാടിൽ നിന്നും സമാഹരിച്ച ഈ തുകയ്ക്ക് മൂല്യം ഏറെയാണ് എന്ന് കളക്ടർ പറഞ്ഞു.
മറ്റ് ഫാസ്റ്റ് ഫുഡുകളിൽ നിന്നും നാടൻ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ മുന്നോട്ടുവന്ന വിദ്യാർത്ഥികൾ വലിയ മാതൃകയാണ്. അതോടൊപ്പം വിദ്യാർഥികളുടെ ഈ ഉദ്യമം വലിയ അഭിനന്ദനാർഹമാണെന്നും എ ഡി എംഷൈജു പി. ജേക്കബ് പറഞ്ഞു. സഹ ജീവി സ്നേഹത്തിലൂടെ വിദ്യാർത്ഥികൾ സമാഹരിച്ച തുകയാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. വീണ്ടും ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ ഫാ മനു കെ മാത്യു പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരുമാണ് തുക കൈമാറാനായി കളക്ടറേറ്റിൽ എത്തിയത്. തങ്ങളാൽ കഴിയുന്ന സഹായം ദുരന്തഭൂമിയായ വയനാട്ടിൽ എത്തിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികളും. സ്കൂൾ പ്രിൻസിപ്പാൾ ഫാ. മനു കെമാത്യു, വൈസ് പ്രിൻസിപ്പാൾ ഡേവിസ് പി.ജെ., പി.റ്റി എ.പ്രസി. സജി നെല്ലു വീട്ടിൽ തുടങ്ങിയവരാണ് കളക്ട്രേറ്റിൽ എത്തി പണംകൈ മാറിയത്.