ഏലപ്പാറ - വാഗമൺ റോഡിൽ വാഹന ഡ്രൈവർമാർക്ക് അപകട ഭീഷണി ഉയർത്തി വൈദ്യുതി പോസ്റ്റുകൾ;വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് കയറി പോസ്റ്റ് നിൽക്കുന്നതിനാൽ ഗതാഗത കുരുക്കും പതിവ് കാഴ്ച

ഏലപ്പാറയിൽ നിന്നും വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കടന്നുപോകുന്ന പ്രധാന പാതയോരത്താണ് വിവിധ ഇടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് കയറി നിലകൊള്ളുന്നത്. ഇത് വലിയ അപകട കെണിയാണ് വാഹന ഡ്രൈവർമാർക്ക് ഒരുക്കുന്നത്. ചില സമയങ്ങളിൽ ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട് .പൊതുമരാമത്തിന്റെ ഭാഗത്തുനിന്ന് പോസ്റ്റുകളുടെ ഭാഗങ്ങളിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചത് മാത്രമാണ് ഏക നടപടി. എന്നാൽ ഇത് ശാശ്വതമല്ലെന്നാണ് നാട്ടുകാരുടെ വാദം.
രാത്രി സമയങ്ങളിൽ മഴയും മഞ്ഞും ഉള്ളപ്പോൾ ഈ പോസ്റ്റുകളോ ഇതിൻറെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന അപായ മുന്നറിയിപ്പോ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും .ഈ സമയങ്ങളിൽ അപകടം ഉറപ്പാണെന്നും നാട്ടുകാർ പറയുന്നു. ഒരേ സമയം എതിർശയിൽ രണ്ടു വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും , റോഡിൻറെ നിർമ്മാണ വേളയിൽ, ബന്ധപ്പെട്ട അധികൃതർ റോഡിൽ നിന്നും പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ബന്ധപ്പെട്ട അധികൃതർ ഇടപ്പെട്ട് പോസ്റ്റുകൾ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.