അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വൻ ചാരായവേട്ടാ ; ഒരാൾ പിടിയിൽ

എക്സൈസ് വകുപ്പ് ഓണക്കാലത്ത് മദ്യം, ചാരായം, കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ കച്ചവടവും ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ കർശനമായ നിയമ നടപടികളാണ് സ്വീകരിച്ചു വരുന്നത്. അതിന്റെ ഭാഗമായി നടപ്പാക്കുന്ന ഓണം സ്‌പെഷ്യൽ ഡ്രൈവിൽ നടത്തിയ പരിശോധനയിലാണ് ഉടുമ്പൻചോല വട്ടപ്പാറ ഭാഗത്ത് നിന്നും 175 ലിറ്റർ വാറ്റ് ചാരായവുമായി വട്ടപ്പാറ പാറക്കൽ വീട്ടിൽ അരുൺ (28 വയസ്സ്) എന്നയാൾ പിടിയിലായത്.
ഓണവിപണി ലക്ഷ്യമിട്ട് വൻതോതിൽ ചാരായം വാറ്റുന്നു എന്ന വിവരം ഏതാനും ദിവസങ്ങൾക്കു മുമ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി നടത്തിവന്ന രഹസ്യാന്വേഷണത്തിലാണ് വിപുലമായ ചാരായശേഖരം കണ്ടെത്താനായത്. ജില്ലയ്ക്കകത്തും പുറത്തും ടിയാൻ ചാരായം ആവശ്യാക്കാർക്ക് എത്തിക്കുന്നതായി അറിയാൻ കഴിഞ്ഞു.വട്ടപ്പാറ മേഖലയിലെ ഉൾ വനത്തിലാണ് ചാരായം വാറ്റുന്നത് എന്നാണ് സൂചനകൾ ലഭിച്ചിട്ടുണ്ടായിരുന്നത്. അരുണിനെ കൂടാതെ മറ്റ് ചില പ്രതികൾകൂടി ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ മറ്റും പ്രതികൾക്കായുള്ള ഊർജ്ജിതമായ അന്വേഷണം നടക്കും. സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ്, യദുവംശരാജ്, ധനിഷ് പുഷ്പചന്ദ്രൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിമി ഗോപി, എക്‌സൈസ് ഡ്രൈവർ നിതിൻ ജോണി എന്നിവർ ചേർന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി ചാരായം കണ്ടെടുത്തത്.